മോഹന്‍ലാലിനെ ഞാന്‍ എന്റെ വീട്ടിലും കൊണ്ടുവരും..; ലൊക്കേഷനില്‍ കാണാനെത്തി സിനിമയില്‍ ഇടം നേടി ഏലിക്കുട്ടി

മോഹന്‍ലാലിനെ കാണാന്‍ ‘തുടരും’ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ 93 വയസുള്ള ആരാധിക ഏലിക്കുട്ടിയും ഇനി സിനിമയില്‍. തൊടുപുഴയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച സമയത്ത് ആയിരുന്നു മോഹന്‍ലാലിനെ കാണാനായി ഏലിക്കുട്ടി എന്ന ആരാധിക എത്തിയത്. ‘ഇതാണോ മോഹന്‍ലാല്‍?’ എന്നായിരുന്നു താരത്തെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ഏലിക്കുട്ടി ചോദിച്ചത്.

ആ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മോഹന്‍ലാലിന്റെ മറുപടി ‘അതേ ഞാനാണ് മോഹന്‍ലാല്‍, പോരുന്നോ?’ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പിന്നാലെ തുടരും സിനിമയിലൂടെ അഭിനേതാവായി മാറിയിരിക്കുകയാണ് ഏലിക്കുട്ടി. ശോഭനയ്ക്കും മോഹന്‍ലാലിനൊപ്പവും ചിത്രത്തിന്റെ പോസ്റ്ററിലും ഇടുക്കി ഈസ്റ്റ് കലൂര്‍ സ്വദേശി ഏലിക്കുട്ടി ഇടം നേടിയിട്ടുണ്ട്.

മോഹന്‍ലാലും ശോഭനയും ചക്ക മുറിക്കുന്ന രംഗമുള്ള പോസ്റ്ററിലാണ് ഏലിക്കുട്ടിയുള്ളത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയല്‍ക്കാരിയായാണ് ഏലിക്കുട്ടി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ചില ഗാന രംഗങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് ഏലിക്കുട്ടി പ്രതികരിച്ചിട്ടുമുണ്ട്. ”എപ്പോഴും മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും കാണണമെന്ന് കരുതി. ദൈവം എനിക്ക് കൂട്ട് ഉണ്ടായി. അതുകൊണ്ട് ഞാന്‍ കണ്ടു. എന്റെ പിള്ളേര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ ഇപ്പോ എന്നോട് വലിയ ഇതാ. ഞാന്‍ ഫോട്ടോ ചില്ല് ഇടീച്ച് വച്ചിട്ടുമുണ്ട്.”

”ഏലി ചേച്ചിടെ സിനിമ കാണാന്‍ പോകണം എന്നാ ഇറങ്ങണേന്ന് എന്നോട് ചോദിച്ചോണ്ട് ഇരിക്കുവാ. മോഹന്‍ലാല്‍ ഇനിയും വന്നാല്‍ ഇനിയും കാണാന്‍ പോകും. ഞാന്‍ എന്റെ വീട്ടിലും കൊണ്ടുവരും” എന്നാണ് ഏലിക്കുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

Read more