സാഹചര്യങ്ങളാണ് ചിലപ്പോള്‍ ഓരോരുത്തരെയും ‘കാലാപാനി’യിലെ ഗോവര്‍ദ്ധനാക്കി മാറ്റുന്നത്.. ഒരു മര്യാദയൊക്കെ വേണ്ടേ, സ്വയം സേവകനായോ? എന്ന് ചോദിക്കുകയാണ് കേരളം ഒന്നടങ്കം. ‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ എത്തിയപ്പോള്‍, സിനിമയില്‍ പരിഹസിക്കുന്നുണ്ടെങ്കിലും ചേര്‍ത്തു പിടിച്ച് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കൂടെ നിന്നു. എങ്കിലും സംഘ് ജികള്‍ക്ക് വേണ്ടി സിനിമ റീ എഡിറ്റ് ചെയ്യാം, ”എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്” എന്ന് പറഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തി.
കൂടുതല്‍ ക്യാപ്ഷനുകള്‍ ഒന്നുമില്ല, എന്നാ പിന്നെ മാപ്പ് പറച്ചിലിന് മൗനാനുവാദം നല്‍കി കൊണ്ട് ആ പോസ്റ്റ് ഷെയര്‍ ചെയ്‌തേക്കാമെന്ന് പൃഥ്വിരാജും. സംഘപരിവാര്‍, ബിജെപി കേന്ദ്രങ്ങളില്‍ നിന്നും എമ്പുരാനും പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ വിദ്വേഷത്തിന്റെ വിഷപ്പുക വമിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രേക്ഷകരും സിനിമാപ്രേമികളും ഒന്നടങ്കം താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകള്‍ അടക്കമുള്ളവരും പൃഥ്വിരാജിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. എന്നാല്‍ മോഹന്‍ലാലിന്റെ ഖേദം വന്നതോടെ, അത് പൃഥ്വിരാജ് പങ്കുവച്ചതോടെ പിന്തുണച്ചെത്തിയവര്‍ക്ക് അതൊരു തിരിച്ചടിയായി.
‘രായപ്പന്‍’ എന്ന് വിളിച്ച് അപമാനിച്ച പലര്‍ക്കും മുമ്പില്‍ ആത്മവിശ്വാസത്തോടെ ഉയര്‍ത്തി എടുത്തതായിരുന്നു പൃഥ്വിരാജ് സ്വന്തം കരിയര്‍. മലയാള സിനിമയുടെ അംബാസിഡര്‍ ആകണം എന്ന സ്വപ്‌നത്തില്‍ നിന്നുമാണ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി എല്ലാ ഭാഷകളിലും അഭിനയിച്ച് പൃഥ്വിരാജ് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. ചില സിനിമകളില്‍ പിഴച്ചെങ്കിലും എണ്ണം പറഞ്ഞ ഒരു അഭിനേതാവായി പൃഥ്വിരാജ് മാറി. തനിക്ക് ശരിയെന്ന്് തോന്നുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് ശക്തമായി തന്നെ പൃഥ്വിരാജ് തുറന്നു പറയാറുണ്ട്. ലക്ഷദ്വീപ് വിഷയത്തില്‍ അടക്കം പൃഥ്വിരാജ് നിലപാട് പറഞ്ഞതോടെ നടനെതിരെ കടുത്ത രീതിയില്‍ തന്നെ സൈബര്‍ ആക്രമണം എത്തി. പല അഭിപ്രായങ്ങളും പിന്‍വലിച്ചെങ്കില്‍ കത്തിച്ച് കളയും എന്ന രീതിയില്‍ വരെ ഭീഷണികള്‍ എത്തി.
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായും എത്തിയ മുന്‍നിര താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. എങ്കിലും തന്റെ കരിയര്‍ മെച്ചപ്പെടുത്തുന്ന തിരക്കില്‍ തന്നെയായിരുന്നു പൃഥ്വിരാജ്. ഇതിനിടെ ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍ നിന്നും പിന്മാറിയത് പൃഥ്വിരാജിന് വീണ്ടും തിരിച്ചടിയായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജിനെ അവതരിപ്പിച്ചു കൊണ്ട് ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് നടനെതിരെ നടന്നത്. കുടുംബത്തെ അടക്കം കത്തിക്കുമെന്ന ഭീഷണികള്‍ വന്നതോടെ പൃഥ്വിരാജ് സിനിമയില്‍ നിന്നും പിന്മാറി. എന്നാല്‍ വാരിയംകുന്നനില്‍ നിന്നും പിന്മാറുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് നിര്‍മ്മാതാവും സംവിധായകനുമാണ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
അന്നത്തെ ചോദ്യങ്ങളില്‍ ‘തന്റെ പ്രൊഫഷണല്‍ ജീവിതത്തിന് പുറത്തെ അനാവശ്യ ചര്‍ച്ചകളെ ശ്രദ്ധിക്കാറില്ല’ എന്ന് പ്രതികരിച്ച പൃഥ്വിരാജ് ആണ് ഇന്ന് സംഘ് ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിച്ചിരിക്കുന്നത്. എങ്കിലും സംവിധാനം ചെയ്ത വിജയിപ്പിച്ചെടുക്കാന്‍ സാധ്യമായതെല്ലാം ഇതിനോടകം തന്നെ പൃഥ്വിരാജിന് സാധിച്ചെടുത്തിട്ടുണ്ട്. ആദ്യം സംഘപരിവാറിന്റെ വെറുപ്പ് നേടി കൊണ്ടാണ് സിനിമ വിജയപ്പിച്ചത് എങ്കില്‍, ഇനിയിപ്പോള്‍ സംഘ് പ്രീതി നേടിക്കൊണ്ട് ചിത്രം വിജയിപ്പിക്കാം. സംഘ് മാത്രമല്ല, റീ എഡിറ്റ് ചെയ്‌തോ, സൈബര്‍ ആക്രമണകാരികള്‍ അവരുടെ പോരാട്ടം വിജയിപ്പിച്ചോ എന്ന് പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി നോക്കും. പിന്നെ വെട്ടും മുമ്പ് കാണാന്‍ ഈ ദിവസങ്ങളില്‍ പലരും തിയേറ്ററില്‍ തള്ളി കയറും. ചുരുക്കത്തില്‍ എമ്പുരാന്‍ കാണാന്‍ ഓരോര്‍ത്തക്കും അവരുടേതായ കാരണങ്ങള്‍ കാണും. ഇതിനിടയില്‍ എമ്പുരാന്‍ കേരളത്തിലെ ഏറ്റവും വലിയ പണം വാരി പടം ആകും. ഇതൊക്കെ ഖുറേഷി അബ്രാമിന്റെ യുദ്ധതന്ത്രങ്ങള്‍ മാത്രം.