'ഇത് ഒരു ഒന്നൊന്നര മൊതല് തന്നെ...' ഒടുവിൽ സ്റ്റീഫനും എത്തി; ആവേശം അടങ്ങാതെ ആരാധകർ

ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇപ്പോഴിതാ എമ്പുരാനിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്റർ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്.

അതേസമയം, ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് ആരംഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645k ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്.

ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോഡുകൾ ഇതിലൂടെ എമ്പുരാൻ ഭേദിച്ചു.

ബുക്കിംഗ് ട്രെൻഡിംഗിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം ഇന്നലെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലൈക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.