തിരിച്ചടികൾ ഒന്നും ഏൽക്കില്ല, 'എമ്പുരാൻ' അവതരിക്കുന്നു; 6 മണിക്കേ തിയേറ്ററിൽ എത്താം, വമ്പൻ സർപ്രൈസ്

മാർച്ച് 27ന്, രാവിലെ 6 മണി മുതൽ എമ്പുരാൻ സിനിമ പ്രദർശനം ആരംഭിക്കുകയാണ്. സിനിമാപ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് മുടങ്ങിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സംവിധായകൻ പൃഥ്വിരാജ് ഈ ബിഗ് അപ്‌ഡേറ്റ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. കടമ്പകൾ ഓരോന്നും താണ്ടിയാണ് എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

റിലീസിന് നാളുകൾ മാത്രം ശേഷിക്കവെ സിനിമയുടെ നിർമ്മാണ പങ്കാളിയായ തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് പിന്മാറിയത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത് സിനിമാപ്രേമികളെയും ആരാധകരെയും അടക്കം നിരാശയിലാഴ്ത്തി. ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതോടെ എമ്പുരാന്റെ റിലീസ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങളും എത്തിയിരുന്നു. എന്നാൽ പറഞ്ഞ ദിവസം തന്നെ സിനിമ തിയേറ്ററിൽ എത്തിക്കാൻ ആശിർവാദ് സിനിമാസുമായി കൈകോർത്തിരിക്കുകയാണ് ഗോകുലം മൂവീസ്. ലൈക്കയിൽ നിന്ന് വിതരണാവകാശം ഏറ്റെടുത്തിരിക്കുകയാണ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവിസ്.
ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാ​ഗമായതിന് പിന്നാലെ ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞു മോഹൻലാലും എത്തിയിരുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. അബ്രാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം പകർന്നാട്ടം കാണാൻ ആരാധകർ ഏറെ ആംകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.

സിനിമയിൽ നിന്നും 10 സെക്കൻഡ് ദൃശ്യങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ്. യു/എ 16 പ്ലസ് വിഭാഗത്തിൽ ചിത്രം സെൻസർ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ലൂസിഫറിന്റെ ദൈർഘ്യം 2 മണിക്കൂർ 52 മിനിറ്റ് ആയിരുന്നെങ്കിൽ എമ്പുരാന്റെ ദൈർഘ്യം 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കന്റ് ആണ്. 3 മണിക്കൂർ ആണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിൽ നിന്ന് 10 സെക്കൻഡ് നീക്കം ചെയ്തത് കൂടാതെ, 4 സെക്കൻഡ് ബോർഡിന്റെ നിർദേശപ്രകാരം മാറ്റി ചേർത്തിട്ടുമുണ്ട്.

ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. റിലീസിന് ഒരു മാസം മുൻപ് തന്നെ മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള ലോഞ്ചിങ് ചടങ്ങുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ പുറത്തു വന്നിരുന്നു.

ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് എമ്പുരാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാംഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാളിലൊരാളായ ആന്റണി പെരുമ്പാവൂർ എന്നിവരുൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും മലയാള സിനിമയുടെ ചരിത്രമാകാൻ പോകുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.