വര്‍ഗീയത അവിടെ നിക്കട്ടെ.. 'എമ്പുരാന്‍' ഓപ്പണിങ് കളക്ഷന്‍ എത്ര? 50 കോടി കടന്നോ? കണക്കുകള്‍ ഇങ്ങനെ..

റിലീസിന് മുമ്പെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 കോടി എന്ന നേട്ടം ‘എമ്പുരാന്‍’ സിനിമ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആദ്യ ദിനം എത്ര നേടി എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയതായി സംവിധായകന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഓപ്പണിങ് ദിനത്തില്‍ 22 കോടി രൂപ ചിത്രം നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടി എന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ച് ലക്ഷവും 50 ലക്ഷവും നേടിയതായും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ സിനിമ മോഹന്‍ലാലിന്റെ തന്നെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചിത്രമായിരുന്നു. ആ റെക്കോര്‍ഡ് ആണ് എമ്പുരാന്‍ തകര്‍ത്തിരിക്കുന്നത്. അതേസമയം, കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷക സ്വീകാര്യതയിലും ആഗോള കളക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതിനിടെ വര്‍ഗീയ, വിദ്വേഷ പോസ്റ്റുകളും സിനിമയ്‌ക്കെതിരെ പ്രചരിക്കുന്നുണ്ട്.