തിയേറ്ററുകളില്‍ തളര്‍ന്ന് തുടങ്ങിയതോടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി ‘എമ്പുരാന്‍’. മാര്‍ച്ച് 27ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 24ന് ആണ് ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. തിയേറ്ററിലെത്തി ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 250 കോടി കളക്ഷന്‍ നേടി മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു.
സിനിമ റിലീസിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ആരംഭത്തില്‍ തന്നെ ഗോധ്ര കലാപവും ഗുജറാത്ത് കലാപവും കാണിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. വിവാദങ്ങള്‍ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റീ എഡിറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. ഇതോടെ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ ഇടിയുകയായിരുന്നു.
250 കോടി കളക്ഷന്‍ നേടിയ ശേഷം സിനിമയ്ക്ക് അധികം കളക്ഷന്‍ നേടാനായിട്ടില്ല. 11 ദിവസത്തിനുള്ളില്‍ ആയിരുന്നു ചിത്രം 250 കോടി നേടിയത്. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്.
അതേസമയം, സിനിമ റീ എഡിറ്റ് ചെയ്തപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കിയിരുന്നു. വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിരുന്നു. ചിത്രത്തില്‍ എന്‍ഐഎ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തു കളഞ്ഞിട്ടുണ്ട്.