'30 ദിവസത്തിൽ എമ്പുരാൻ നേടിയത് 325 കോടി'; ചരിത്ര നേട്ടമെന്ന് സംവിധായകൻ, ടീമിന്റെ ചിത്രം പങ്കുവച്ച് പോസ്റ്റ്

എമ്പുരാൻ സിനിമയുടെ കളക്ഷൻ പുറത്ത് വിട്ട് സംവിധായകൻ പൃഥ്വിരാജ്. 30 ദിവസത്തിൽ 325 കോടി ചിത്രം നേടിയെന്ന് പൃഥ്വിരാജ് അറിയിച്ചു. ടീമിന്റെ ചിത്രം പങ്കുവച്ചുള്ള പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പൃഥ്വിരാജ് പുറത്ത് വിട്ടത്. ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട നിമിഷം എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

അതേസമയം കേരളത്തിൽ നിന്ന് മാത്രം 80 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം നേരത്തെ എമ്പുരാൻ സ്വന്തമാക്കിയിരുന്നു. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോള കളക്ഷനിൽ 100 കോടി തിയേറ്റർ ഷെയർ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാൻ മാറിയിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ‘എമ്പുരാൻ’ 250 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്കും എത്തിയിരുന്നു.

കേരളത്തിൽനിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാൻ. ടൊവിനോ ചിത്രം ‘2018’, മോഹൻലാലിന്റെ തന്നെ വൈശാഖ് ചിത്രം ‘പുലിമുരുഗൻ’ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. മാർച്ച് 27നാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ റിലീസ് ചെയ്തത്. പിന്നാലെ സിനിമയ്‌ക്കെതിരേ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് എമ്പുരാനിൽ സ്വന്തം നിലയിൽ മാറ്റം വരുത്താൻ സെൻസർ ബോർഡിനെ നിർമാതാക്കൾ സമീപിച്ചെന്ന് വാർത്തകൾ വന്നത്. കലാപദൃശ്യങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളിൽ മാറ്റം വരുത്തുകയും ചിലപരാമർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്‌ത്‌ വീണ്ടും ചിത്രം പ്രദര്ശനത്തിനെത്തിയിരുന്നു.

Read more