54-മത് ഗോവ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം കരസ്ഥമാക്കി അബ്ബാസ് അമീനി സംവിധാനം ചെയ്ത ‘എൻഡ്‌ലെസ് ബോർഡേഴ്സ്’ എന്ന ചിത്രം. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നടനായി എൻഡ്ലെസ് ബോർഡേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പൗറിയ റഹിം സാം തിരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷത്തെ സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു.സ്റ്റീഫൻ കോമാൻഡെറവ് ആണ് ഈ വർഷത്തെ മികച്ച സംവിധായകൻ. ‘ബ്ലാഗാസ് ലെസ്സൺസ്’ എന്ന ചിത്രത്തിനാണ് പുരസ്കാരം.
മികച്ച നവാഗത സംവിധായകന്‍ ആയി റീഗർ ആസാദ് കായ തിരഞ്ഞെടുത്തു.’വെൻ ദ സീഡ്ലിങ്സ് ഗ്രോ’ എന്ന ചിത്രമാണ് റീഗറിന് പുരസ്കാരം നേടികൊടുത്ത ചിത്രം. പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കി ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയും മേളയിൽ തിളങ്ങി നിന്നു. ഐസിഎഫ്ടി യുനസ്‌കോ ഗാന്ധി മെഡൽ അവാർഡ് ആന്തണി ചെൻ സംവിധാനം ചെയ്ത ‘ഡ്രിഫ്റ്റ്’ സ്വന്തമാക്കി
‘പാർട്ടി ഓഫ് ഫൂൾസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മേലാനി തിയറി മികച്ച നടിക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി.
മികച്ച വെബ് സീരീസിനുള്ള പുരസ്കാരം പഞ്ചായത്ത് സീസൺ 2 സ്വന്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച വെബ് സീരീസുകൾക്കാണ് പുരസ്കാരം നൽകുന്നത്.