യൂട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെ അധിക്ഷേപിച്ച കേസില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.
പിന്നാലെ സംവിധായകന്‍ യൂട്യൂബറെ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഉണ്ണി വ്‌ലോഗ്‌സ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂട്യൂബര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
കേസിന്റെ ഗൗരവം മനസ്സിലാക്കിയ ആലുവ മജിസ്‌ട്രേറ്റ് സന്തോഷ് ടി.കെ അന്വേഷണം നടത്താന്‍ എളമക്കര പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം, ജനുവരി 5ന് ആയിരുന്നു രാസ്ത സിനിമ തിയേറ്ററുകളില്‍ എത്തിയത്.
അന്ന് തന്നെ സിനിഫൈല്‍ എന്ന യൂട്യൂബ് ചാനലിലൂടെ ഉണ്ണി വ്‌ലോഗ്‌സിന്റെ റിവ്യൂവും എത്തിയിരുന്നു. തൊട്ടു പിറ്റേ ദിവസമാണ് സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ച ഓഡിയോ റെക്കോര്‍ഡ് ഉണ്ണി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.