നടന്‍ ഹരിശ്രീ അശോകന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി. ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിനെ തുടര്‍ന്നാണ് കോടതി ഹരിശ്രീ അശോകന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
നടന്‍ പണികഴിപ്പിച്ച വീട്ടില്‍ എതിര്‍കക്ഷികളായ എറണാകുളത്തെ പി.കെ ടൈല്‍സ് സെന്റര്‍, കേരള എ.ജി.എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫ്‌ലോര്‍ ടൈല്‍സ് ആയിരുന്നു ഉപയോഗിച്ചത്. എന്‍.എസ് മാര്‍ബിള്‍ വര്‍ക്‌സിന്റെ ഉടമ കെ.എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് പണികള്‍ നടന്നത്.
എന്നാല്‍ വീടിന്റെ പണികള്‍ പൂര്‍ത്തിയായി അധികനാള്‍ കഴിയും മുമ്പേ ഇവ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങി. പലവട്ടം എതിര്‍ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് അശോകന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരന് ഉണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് രണ്ടാം എതിര്‍കക്ഷി 16,58,641 രൂപ നല്‍കണം. കൂടാതെ നഷ്ടപരിഹാരമായി എതിര്‍കക്ഷികള്‍ ഒരു ലക്ഷം രൂപയും കോടതി ചിലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചു.