ഐഎഫ്എഫ്‌കെ വെബ്‌സൈറ്റില്‍ പിഴവ്; സംവിധായകന് പകരം സാഹിത്യകാരന്റെ ചിത്രം

ഐഎഫ്എഫ്‌കെ വെബ്‌സൈറ്റില്‍ പിഴവ്. സംവിധായകന്‍ എം കൃഷ്ണന്‍ നായരുടെ ചിത്രത്തിന് പകരം സെറ്റില്‍ നല്‍കിയിരിക്കുന്നത് സാഹിത്യകാരന്‍ എം കൃഷ്ണന്‍ നായരുടെ ചിത്രമാണ്. പഴയ സിനിമകളുടെ പ്രദര്‍ശന വിഭാഗത്തിലാണ് സംവിധായകന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1965ല്‍ പുറത്തിറങ്ങിയ കാവ്യമേള എന്ന ചിത്രം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതില്‍ സംവിധായകനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സാഹിത്യ നിരൂപകനായ പ്രൊഫ. എം കൃഷ്ണന്‍ നായരുടെ ചിത്രം മാറി ഉള്‍പ്പെടുത്തിയത്. അതേസമയം, ഡിസംബര്‍ 13ന് ആണ് ഐഎഫ്എഫ്‌കെ ആരംഭിക്കുന്നത്.

13ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.