മലയാള സിനിമയില്‍ സാമ്പത്തിക തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ആദ്യം കോടതി കയറുന്നത്. ഇതിന് പിന്നാലെയാണ് ‘ആര്‍ഡിഎക്‌സ്’ സിനിമയ്‌ക്കെതിരെ കേസ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഞ്ജന എബ്രഹാമാണ് ആര്‍ഡിഎക്‌സ് നിര്‍മ്മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. ചിത്രത്തില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ച ശേഷം നല്‍കാതെ വഞ്ചിച്ചു എന്ന പരാതിയാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ നല്‍കിയിരിക്കുന്നത്.
അഞ്ജന ഏബ്രഹാമിന്റെ പരാതിയില്‍ പറയുന്നത്:
സിനിമാ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സിന്റെ പങ്കാളികളെന്ന് പരിചയപ്പെടുത്തിയാണ് സോഫിയ പോളും ഭര്‍ത്താവും തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. ആര്‍ഡിഎക്‌സ് എന്ന സിനിമ നിര്‍മിക്കുന്നുണ്ടെന്ന് പറഞ്ഞ ഇരുവരും അതിന്റെ പങ്കാളിയാകാന്‍ ക്ഷണിച്ചു. 2022 ഓഗസ്റ്റ് മൂന്നിന് ഇതു സംബന്ധിച്ച കരാറിലും ഒപ്പുവച്ചു. സിനിമയുടെ ആകെ നിര്‍മാണച്ചെലവ് 13.8 കോടി രൂപയാണ് എന്നാണ് സോഫിയ പറഞ്ഞത്. അവരും ഇതിലേക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്ന് സോഫിയ പോളും കൂട്ടരും വിശ്വസിപ്പിച്ചതോടെ വേഗത്തില്‍ പണം നല്‍കി. തുടര്‍ന്ന് ആറ് കോടി രൂപ പല തവണകളായി ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ സോഫിയ പോളിനും കൂട്ടര്‍ക്കും നല്‍കി. സോഫിയ പോളും കൂട്ടരും ഈ പദ്ധതിയിലേക്ക് പണമൊന്നും നിക്ഷേപിച്ചിട്ടില്ലെന്ന് പിന്നീട് മനസിലായി.
തിയേറ്റര്‍, ഒ.ടി.ടി, വിദേശത്തെ പ്രദര്‍ശനം, സംഗീതം, സാറ്റലൈറ്റ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട് ആകെ ലഭിക്കുന്ന ലാഭത്തിന്റെ 30% നല്‍കാം എന്നായിരുന്നു വാഗ്ദാനം. കരാറിലും ഇതുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്ത് 90-120 ദിവസത്തിനുള്ളില്‍ ഈ ലാഭം നല്‍കുമെന്നും കരാറിലുണ്ട്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗിന് മുമ്പും അതിന് ശേഷവും സിനിമയ്ക്കുള്ള ഫണ്ടിങ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കുറ്റാരോപിതര്‍ മറച്ചുവച്ചു. ഇതിനിടയില്‍ നിര്‍മ്മാണച്ചെലവില്‍ 10.31 കോടി രൂപ കൂടുതലായി ചിലവായെന്നും ആകെ നിര്‍മാണ ചിലവ് 23.40 കോടി രൂപയായി എന്നും സോഫിയ പോള്‍ ലാഘവത്തോടെ സൂചിപ്പിച്ചു. എന്നാല്‍ ഈ അവകാശവാദത്തെ തെളിയിക്കുന്ന രേഖകളൊന്നും സോഫിയ പോളും കൂട്ടരും നല്‍കിയില്ല.
ആര്‍ഡിഎക്‌സ് സിനിമ വലിയ വിജയമായതോടെ ഒ.ടി.ടിയും സാറ്റലൈറ്റ് അവകാശവും നല്ല തുകയ്ക്ക് വിറ്റു. എന്നാല്‍ വിദേശത്തുള്ള ചില വിതരണക്കമ്പനികളുമായി സോഫിയാ പോളും കൂട്ടരും ലാഭവിഹിതം പങ്കുവയ്ക്കാമെന്ന കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്ന കാര്യം പിന്നീട് അറിഞ്ഞു. ഇക്കാര്യം മനഃപൂര്‍വം എന്നില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. സിനിമയുടെ ചെലവുകളെല്ലാം കഴിഞ്ഞ് 90 കോടി രൂപ ലാഭം കിട്ടിയതായാണ് മനസിലാക്കുന്നത്. കരാറനുസരിച്ച് ഇതിന്റെ 30% എനിക്ക് അര്‍ഹതപ്പെട്ടതാണ്. സിനിമയ്ക്കായി ആകെ 28 കോടി രൂപ ചെലവായി എന്നാണ് സോഫിയ പോളും കൂട്ടരും എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 13 കോടി രൂപ മാത്രമാണ് ചിത്രത്തിന് ചിലവായത് എന്നാണ് മനസിലാക്കുന്നത്.
നിരന്തരമായി ആവശ്യപ്പെട്ട ശേഷം നിയമനടപടികള്‍ പേടിച്ചായിരിക്കണം, ആറ് കോടി രൂപ തിരിച്ചു നല്‍കാമെന്ന് കുറ്റാരോപിതര്‍ സമ്മതിച്ചു. എന്നാല്‍ അതിന് പകരമായി 3.06 കോടി രൂപ മാത്രമാണ് എനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും അതുകൊണ്ട് തന്നെ കരാര്‍ പൂര്‍ത്തിയായി എന്നും രേഖാമൂലം ഒപ്പിട്ട് കൊടുക്കാന്‍ നിര്‍ബന്ധിതയായി. സിനിമയുടെ വരവുചെലവുകള്‍ സംബന്ധിച്ച് ഓഡിറ്റ് കണക്കുകള്‍ ചോദിച്ചെങ്കിലും തരാന്‍ തയാറായില്ല. ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍, ഈ വിവരങ്ങള്‍ പുറത്തുവിടില്ല എന്ന് എഴുതി വാങ്ങിയശേഷം ചില കണക്കുകള്‍ നല്‍കുകയാണ് ചെയ്തത്. യഥാര്‍ഥ ഓഡിറ്റ് കണക്കുകളും അതിന്റെ രേഖകളും ആവശ്യപ്പെട്ടെങ്കിലും അതെല്ലാം നിഷേധിക്കപ്പെട്ടു.