"ഒരിക്കലെങ്കിലും ജയിക്കേണ്ടേ മാഷേ നമുക്കൊക്കെ, 'ഫൈനല്‍സ്' സ്വപ്നങ്ങളെ പിന്തുടരുന്നതിന്റെ കഥ"- കുറിപ്പ്

നവാഗതനായ പി.ആര്‍ അരുണ്‍ ഒരുക്കി രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ “ഫൈനല്‍സ്” മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തക ബി ശ്രീരേഖയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. “ഫൈനല്‍സ്” സ്വപ്നങ്ങളെ പിന്തുടരുന്നതിന്റെ കഥയാണെന്നും നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ കാണേണ്ട ചിത്രമാണ് ഇതെന്നുമാണ് ശ്രീരേഖ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ ഈ ഓണക്കാലത്ത് കാണേണ്ട ചിത്രം – “ഫൈനല്‍സ് ”

“”ഒരിക്കലെങ്കിലും ജയിക്കേണ്ടേ മാഷേ നമുക്കൊക്കെ? “”- ഫൈനല്‍സിലെ ഏറ്റവും ഹൃദയസ്പര്‍ശിയായൊരു സീനില്‍ മാനുവല്‍ വര്‍ഗീസ് മാഷിനോടു ചോദിക്കുന്നുണ്ട്. നിസ്സഹായതയുടെയും തനിച്ചാവലിന്റെയും ഏകാന്തമായ കുന്നിന്‍ മുകളില്‍ തോറ്റു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന അയാളെ തിരിച്ചു നടത്തുന്നതും മാനുവലിന്റെ ആ ചോദ്യമാണ്.

ഒരിക്കലെങ്കിലും ജയിക്കാന്‍ ആശിക്കുന്നവരാണ് നമ്മളൊക്കെ. ആ ആഗ്രഹമാണ് പല ചവിട്ടിത്തേയ്ക്കലുകളെയും അതിജീവിച്ച് വീണ്ടും പോരാടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതും. അതു കൊണ്ടു തന്നെയാണ് “ഫൈനല്‍സി”ലെ വര്‍ഗീസ് മാഷിനെയും ആലീസിന്റെയും മാനുവലിന്റെയും സങ്കടങ്ങളും പോരാട്ടവും നമ്മുടെ ഹൃദയത്തില്‍ എളുപ്പം തൊടുന്നത്.

ഒരര്‍ത്ഥത്തില്‍ “ഫൈനല്‍സ്” സ്വപ്നങ്ങളെ പിന്തുടരുന്നതിന്റെ കഥയാണ്. ആലീസും വര്‍ഗീസ് മാഷും മാനുവലും – അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് സ്വപ്നങ്ങളാണ്. ആലീസിന് സൈക്ലിംഗ് എന്ന സ്വപ്നം. വര്‍ഗീസ് മാഷിന് മകളുടെ ജയം എന്ന സ്വപ്നം. ആലീസിന്റെ പ്രണയം സ്വന്തമാക്കുക എന്നതായിരുന്നു മാനുവലിന്റെ സ്വപ്നം. ഏറ്റവും പ്രിയപ്പെട്ടയാളുടെ സ്വപ്നം കൊഴിഞ്ഞു വീണാലും ആ സ്വപ്നത്തെ ഏറ്റെടുത്ത് മറ്റൊരു തരത്തിലെങ്കിലും സത്യമാക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്നും ഈ സിനിമ കാണിച്ചു തരുന്നു. വര്‍ഗീസ് മാഷായി സുരാജും ആലീസായി രജീഷ വിജയനും മാനുവലായി നിരഞ്ജും അഭിനയ മികവിലൂടെ മനസ്സു തൊടുന്നു. ഒപ്പം യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരെ പോലെ മറ്റു താരങ്ങളും. എങ്കിലും സുരാജിന്റെ അച്ഛന്‍ കഥാപാത്രമാണ് സൂക്ഷ്മാഭിനയത്തിലൂടെ ഏറ്റവും വിസ്മയിപ്പിക്കുന്നത്.

മനോഹരവും ത്രില്ലിങ്ങുമായ ചില സീനുകളും ഷോട്ടുകളും സിനിമയിലുണ്ട്. വാഗമണ്ണിലെ സൈക്ലിംഗ് സീക്വന്‍സിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സിനിമാട്ടോഗ്രഫിയും എടുത്തു പറയേണ്ടതാണ്. അതു പോലെ, ഒരു നിര്‍ണായക സീനില്‍ നായികയുടെ മുഖത്തേക്കോ ശരീരത്തിലേക്കോ ആദ്യം ക്യാമറ വെയ്ക്കാതെ അവളുടെ കണ്ണുകളിലൂടെ മേലേ നീലാകാശത്തെ കാണിക്കുന്ന ഷോട്ട്! സംവിധായകന്‍ അരുണിനും സിനിമാട്ടോഗ്രഫര്‍ സുധീപിനും അഭിനന്ദനങ്ങള്‍! ഒപ്പം സുന്ദരമായ സംഗീതമൊരുക്കിയ, ചില നിമിഷങ്ങളില്‍ നിശ്ശബ്ദതയ്ക്കും സംഗീതമുണ്ടെന്നതു മറക്കാതിരുന്ന സംഗീത സംവിധായകന്‍ കൈലാസ് മേനോനും ബിഗ് സല്യൂട്ട്!

താരപരിവേഷത്തിന്റെ വമ്പന്‍ ആര്‍പ്പുവിളികളോ കോമഡിക്കു വേണ്ടി തട്ടിക്കൂട്ടിയ കോമഡികളോ വലിയ അവകാശവാദങ്ങളോ ഒന്നുമില്ലാതെ ഈ ഓണക്കാലത്ത് വന്ന കുഞ്ഞുചിത്രമാണ് “ഫൈനല്‍സ്”. നല്ല സിനിമയെ സ്‌നേഹിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഈ കൊച്ചു ചിത്രം കാണാതെ പോകരുത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന്, ഒരു പത്രവാര്‍ത്തയില്‍ നിന്ന് ഇന്‍സ്പയേര്‍ഡ് ആയി ചെയ്തതാണീ സിനിമയെന്നത് അതിനെ കൂടുതല്‍ ടച്ചിംഗ് ആക്കുന്നു.

ഹീറോ എന്നാല്‍ ഇരുപതു പേരെ ഒറ്റയടിക്ക് അടിച്ചു തോല്‍പ്പിക്കുന്നതും നെടുനീളന്‍ മാസ് ഡയലോഗ് പറയുന്നതും ചോരപ്പുഴയൊഴുക്കുന്നതും മാത്രമല്ലെന്ന് -അങ്ങനെ കരുതുന്ന നമ്മുടെ പരമ്പരാഗത സങ്കല്‍പ്പം ചിലപ്പോഴൊക്കെ തിരുത്തണമെന്നു കുടി ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. ഒരു പക്ഷേ, വീല്‍ ചെയറിലിരിക്കുന്നയാളാവും സൂപ്പര്‍മാനേക്കാള്‍ വലിയ യഥാര്‍ത്ഥ ഹീറോയെന്ന ക്രിസ്റ്റഫര്‍ റീവിന്റെ (സൂപ്പര്‍മാന്‍ സീരീസ് സിനിമകളിലെ നായകനായിരുന്ന, അപകടത്തില്‍ പരിക്കേറ്റ് വീല്‍ ചെയറിലായിപ്പോയ ഹോളിവുഡിലെ സൂപ്പര്‍ താരം ) ആത്മകഥ “സ്റ്റില്‍ മീ”യെ കുറിച്ചുള്ള വാചകം കൂടി ഓര്‍ത്തു പോയി “ഫൈനല്‍സ്” കണ്ടപ്പോള്‍.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ