'അന്യരുടെ ജീവിതത്തിലേക്ക് യാതൊരു ഉളുപ്പും കൂടാതെ ഒളിഞ്ഞുനോക്കാനുള്ള ജന്മവാസനകള്‍, മലയാളി കണ്ണാടിയില്‍ നോക്കിയാല്‍ കണ്ടേക്കാവുന്ന കാഴ്ചകള്‍'

വിനയ് ഫോര്‍ട്ടിനെ നായകനാക്കി ശംഭു പുരുഷോത്തമന് ഒരുക്കിയ “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് സിയാര്‍ മനുരാജ് എന്ന യുവാവ് എഴുതിയെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മലയാളിയുടെ മുഖം മൂടി പൊളിഞ്ഞ് വീഴുന്ന കാഴ്ചകളാണ് സിനിമയിലെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

“”പാപം ചെയ്യാത്തവർ കല്ലെറിയട്ടെ “”എന്ന സിനിമ മലയാള സിനിമാ ലോകത്തിലെ വസന്തമാണ് .ആ വസന്തത്തിന്റെ മനോജ്ഞതയും മാധുര്യവും അനുഭവിക്കാതെ പോകരുത് .സൗത്ത് കൊറിയൻ ചിത്രമായ “”പാരസൈറ്റ് “”പരാന്ന ഭോജ്യത്വത്തെ കീഴാള പക്ഷത്ത് നിന്ന് നോക്കിക്കാണാൻ ശ്രമിച്ചപ്പോൾ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമ മേലാള പക്ഷം എങ്ങനെയാണ് “”പരാന്നഭോജ്യത്വത്തെ “”ന്യായീകരിക്കുന്നത് എന്നാണ് പറയാൻ ശ്രമിക്കുന്നത് .
ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളിൽ ഏറ്റവും നല്ല സിനിമ തിരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ യാതൊരു സംശയവും കൂടാതെ ഞാൻ തിരഞ്ഞെടുക്കുന്ന സിനിമ ശംഭു പുരുഷോത്തമന്റെ “”പാപം ചെയ്യാത്തവർ കല്ലെറിയട്ടെ “” എന്ന സിനിമ ആയിരിക്കും .ഏത് പ്രായക്കാർക്കും ,കുടുംബസമേതവും പോയിരുന്നു കണ്ടാസ്വദിക്കാൻ പറ്റിയ സിനിമയാണ് ഇത് .ഇതുപോലുള്ള പല നല്ല സിനിമകളും വമ്പൻ പരസ്യങ്ങളുടെയോ ,മുൻനിര നടീനടന്മാരുടെ പിന്തുണയോ ഇല്ലായെന്ന കാരണം കൊണ്ടുമാത്രം പ്രേക്ഷകരുടെ ശ്രദ്ധ കിട്ടാതെ പോകാറുണ്ട് .ഈ സിനിമക്കാ ദൗർഭാഗ്യം വരാൻ പാടില്ല .സമയമുള്ളവർ കുടുംബസമേതം തന്നെ പോയി കാണുക .വെടിവഴിപാട് എന്ന സിനിമയിലൂടെ മലയാളിയുടെ സദാചാര ചാരിത്ര്യ ബ്രഹ്മചര്യ ഗൃഹസ്ഥ വാനപ്രസ്ഥ കാപട്യങ്ങളെ പൊളിച്ചെഴുതിയ ശംഭു പുരുഷോത്തമൻ ശരാശരി മലയാളിയുടെ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ചില ജീവിതങ്ങളുടെ സജീവമായ എന്നാൽ അദൃശ്യമായ “”അന്തർധാരകളെ”” ഉദ്ഖനനം ചെയ്തെടുക്കുകയാണ് തന്റെ കൊച്ചു വലിയ സിനിമയിലൂടെ .
മലയാളിയുടെ പണത്തോടും പദവികളോടും പത്രാസിനോടുമുള്ള
അടങ്ങാത്ത ആർത്തി ,അതിനുവേണ്ടി ഏതറ്റം വരെ പോകാനുള്ള അവരുടെ മടിയില്ലായ്മ,അന്യരുടെ ജീവിതത്തിലേക്ക് യാതൊരു ഉളിപ്പും കൂടാതെ ഒളിഞ്ഞുനോക്കാനുള്ള ജന്മവാസനകൾ ,കടം വാങ്ങിയും ,അന്യന്റെ ചിലവിലും പൊങ്ങച്ചം കാണിച്ച് കുടുംബം കുളംതോണ്ടുന്ന മലയാളിയുടെ സാമൂഹ്യവൈകൃതം ,സ്ത്രീ പുരുഷബന്ധങ്ങളിലെ വിചിത്ര സാധ്യതകൾ ,ഒളിക്കുകയും മറയ്ക്കുകയും മറക്കുകയും ചെയ്യുന്ന ജീവിത രഹസ്യങ്ങൾ ഒരുനാൾ ശവക്കല്ലറകൾ പൊളിച്ച് മുൻപിൽ വന്ന് പല്ലിളിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകയ്ക്കുമ്പോൾ അഴിഞ്ഞവീഴുന്ന മുഖം മൂടികളുടെ പുറകിൽ സമർത്ഥമായി ഒളിപ്പിച്ചുവച്ച മനുഷ്യരുടെ യാഥാർഥ്യത്തെ തിരിച്ചറിയുമ്പോൾ ബന്ധങ്ങളുടെ ഉള്ളടക്കങ്ങളിൽ ഉണ്ടാകുന്ന തീമഴയും ഇടിത്തീയും ആണ് ഈ സിനിമയുടെ സത്ത .മലയാളി കണ്ണാടി നോക്കിയാൽ കണ്ടേക്കാവുന്ന കാഴ്ചകളാണ് ഈ സിനിമ .
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അലൻ സിയർ അവതരിപ്പിച്ച ബേബിച്ചേട്ടൻ എന്ന കഥാപാത്രം തന്റെ കടയിൽ ജോലിക്ക് നിൽക്കുന്ന ക്രിസ്പി (സൗബിൻ ഷാഹിർ ) തന്റെ മകൾ സോണിയുമായി കട്ടപ്പനയിൽ കറങ്ങാൻ പോയതിനെ ചോദ്യം ചെയ്യുന്ന ഒരു സീനുണ്ട് .നിനക്കും സോണിക്കും ഇടയിൽ എന്താണ് ഡിങ്കോൾഫി എന്ന് ബേബിച്ചേട്ടൻ ക്രിസ്പിയോട് ചോദിക്കുമ്പോൾ ക്രിസ്പി പറയുന്ന മറുപടിയിൽ ഒരു ഭാഗം ഇങ്ങനെയാണ് “”മഹാന്മാരെ അടുത്തറിയുമ്പോൾ മനസിലെ വിഗ്രഹങ്ങൾ ഉടഞ്ഞുപോകും “”.പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രവും ഏതാണ്ട് കറക്കത്തിനും ഉടയുന്ന വിഗ്രഹങ്ങൾക്കും ഇടയിൽ കറങ്ങുന്ന സിനിമയാണ് .ധാർമ്മികതയ്ക്കും അധാർമ്മികതയ്ക്കും അതിർ വരമ്പുണ്ടെങ്കിൽ അതെങ്ങനെയാണ് നിശ്ചയിക്കപ്പെടുന്നത് ,ആരാണ് നിശ്ചയിക്കപ്പെടുന്നത് എന്നതിന്റെ സൂക്ഷ്മമായ വിശകലനമാണ്‌ ഈ സിനിമ .അധാർമ്മികതയുടെ അനുവദനീയതയെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നാണീ സിനിമ നിർധാരണം ചെയ്യുന്നത് .
മറ്റുള്ളവരെ കളിയാക്കാനോ പുച്ഛിക്കാനോ അവരുടെ ശാരീരികമായ കഴിവില്ലായ്‌മകളിൽ അവരെ താഴ്ത്തിക്കെട്ടാനോ പാടില്ല എന്ന പൊതുനിയമം സമൂഹത്തിൽ നിലനിൽക്കുമ്പോൾ തന്നെ പൊതുഇടങ്ങളിൽ മുതിർന്നവർക്ക് കുട്ടികളെ ,പുരുഷന് സ്ത്രീകളെ ,ഭർത്താവിന് ഭാര്യയെ ,ആൺകുട്ടിക്ക് പെൺകുട്ടിയെ ,സവർണ്ണന് അവർണ്ണനെ ,ഹിന്ദുവിനെ മുസ്ലീമിനെ ,അദലിതർക്ക് ദലിതരെ ,പൊതുസമൂഹത്തിന് ആദിവാസികളെ ,വെളുത്തവന് കറുത്തവനെ ,സുന്ദരന് സൗന്ദര്യം കുറഞ്ഞവനെ ,മെലിഞ്ഞവന് തടിച്ചവനെ ,നിരയൊത്ത പല്ലുള്ളവന് കോന്ത്രം പല്ലുള്ളവനെ,പൊക്കമുള്ളവന് പൊക്കം കുറഞ്ഞവനെ കളിയാക്കാനുള്ള അധികാരവും അവകാശവും ഉള്ളതായി സമൂഹം ധരിച്ചുവച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .ഇതുപോലെ ആരും അറിയുന്നില്ലെങ്കിൽ എത്രത്തോളം ഒരാൾക്ക് അധാർമ്മികനാകാൻ കഴിയും .ഇനി അഥവാ സ്വന്തം പ്രവർത്തികൾ മറ്റുള്ളവർ അറിഞ്ഞാലും എത്രത്തോളം തന്റെ പ്രമാണി പട്ടത്തിനത് കോട്ടമുണ്ടാക്കാതെ തനിക്ക് ഞെളിഞ്ഞ് നടക്കാൻ കഴിയും എന്ന അന്വേഷണമാണ് ഈ സിനിമയുടെ കാതൽ .കൊറിയൻ ചിത്രമായ പാരസൈറ്റ് പരാന്നഭോജ്യത്വം എന്നതിനെ കീഴാള പക്ഷത്ത് നിന്ന് നോക്കിക്കാണാൻ ശ്രമിക്കുമ്പോൾ ശംഭു പുരുഷോത്തമൻ തന്റെ സിനിമയിലൂടെ മേലാള പക്ഷം എങ്ങനെയാണ് തങ്ങളുടെ പരാന്ന ഭോജ്യത്വത്തെ ന്യായീകരിക്കുന്നതെന്നാണ് പറയാൻ ശ്രമിക്കുന്നത് .
“”പ്രമാണിമാരായ നമ്മൾ ചെയ്യുന്നതാണല്ലോ മറ്റുള്ളവർ വഴക്കമായും ആചാരമായും പാരമ്പര്യമായും സ്വീകരിക്കുന്നത് എന്നുള്ള നാട്യത്തിലാണ്‌ അവർ തങ്ങളുടെ പരാന്നഭോജ്യത്വം സ്വാഭാവികമായ ഒന്നായി പരിവർത്തിച്ചെടുക്കുന്നത് .തങ്ങൾക്ക് താഴെയുള്ള കൃത്രിമമായ ഒരു കീഴാള ആശ്രിതജനതയെ സൃഷ്ടിക്കുന്നതിലൂടെ തങ്ങളുടെ തന്നെ പരാന്ന ഭോജ്യത്വ വൈകൃതത്തെ ,തങ്ങളുടെ തന്നെ ഗതികേടിനെ മഹത്വവൽക്കരിക്കുന്ന സവർണ്ണ തന്ത്രത്തെയാണ് അറിഞ്ഞോ അറിയാതെയോ ഈ സിനിമ അനാവരണം ചെയ്യുന്നത് .
സ്വാഭാവികമായ അഭിനയമുഹൂർത്തങ്ങൾ കൊണ്ട് കാണികളെ ആസ്വാദനത്തിന്റെ അനുഭൂതിയിലേക്ക് ഉയർത്താൻ അഭിനേതാക്കൾക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട് .ഒരൊറ്റ കഥാപാത്രം പോലും അനാവശ്യമായ ഒരു വാക്കോ ചലനമോ ഈ സിനിമയിൽ നടത്തുന്നില്ല എന്നിടത്താണ് കാച്ചിക്കുറുക്കിയ കവിത എന്ന മട്ടിൽ ഈ സിനിമ സംവിധായകന്റെ കയ്യടക്കാതെ വെളിപ്പെടുത്തുന്നത് .നല്ല ഒന്നാംതരം സിനിമയാണ് .കാണുക ,കണ്ണാടി നോക്കുക ,ഒഴിവാക്കാൻ പറ്റുന്ന വൃത്തികേടുകൾ ആവർത്തിക്കാതിരിക്കാൻ നോക്കുക .
മധുപാൽ ,അലൻ സിയർ ,ടിനി ടോം ,വിനയ് ഫോർട്ട് ,സ്രിന്ദ ,സുനിൽ സുഖദ ,അനിൽ നെടുമങ്ങാട് ,ശാന്തി ബാലചന്ദ്രൻ ,അരുൺ കുര്യൻ,ജോളി ചിറയത്ത് ,അംബിക മോഹൻ തുടങ്ങിയ വലിയ ഒരു താരനിരയെ മാലയിൽ കോർത്ത മുത്തുമണികൾ പോലെ കാണികൾക്ക് മുൻപിൽ സമർപ്പിക്കാൻ സംവിധായകൻ ശംഭു പുരുഷോത്തമൻ വിജയിച്ചിട്ടുണ്ട് .കാശ് പോകില്ല (പണമാണ് ഒരാളുടെ സമയത്തിന്റെ വില നിശ്‌ചയിക്കുന്നതെന്ന് കരുതുന്നവരോട് )എന്നുള്ള ഉറപ്പോടെ ഈ സിനിമ കാണാവുന്നതാണ് .””വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ “” എന്ന ചോദ്യത്തിന് അലൻ സിയറുടെ കഥാപാത്രം പറയുന്ന മറുപടി വർത്തമാനകാല കേരളത്തിന്റെ നേരെയുള്ള ഒരു വലിയ ചോദ്യമാണ് .അത് തീയേറ്ററിൽ പോയിരുന്നു തന്നെ കാണണം കേൾക്കണം മനസിലാക്കണം .
വാൽക്കഷണം .
മുഖ്യധാരാ വാണിജ്യ സിനിമയുടെ വണ്ണപകിട്ടിനപ്പുറമുള്ള മലയാള സിനിമയുടെ വിശാലമായ ഇടങ്ങളിൽ പൂത്തുനിൽക്കുന്ന വസന്തമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പോലുള്ള സിനിമകൾ .ഏതൊരു വാണിജ്യ സിനിമ പോലെത്തന്നെ ലളിത മനസ്കരായി ഇരുന്ന് ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായി നിൽക്കുമ്പോഴും ആഴത്തിലുള്ള ചിന്തകൾക്കിടം നൽകുന്ന സിനിമ കൂടിയാണീ സിനിമ എന്നതാണിതിന്റെ മുഖ്യ സവിശേഷത .മുഖ്യ ധാര എന്ന് വിശേഷിപ്പിക്കുന്ന സിനിമകൾക്കപ്പുറമുള്ള ഒരു ലോകത്തേക്ക് കൂടി കാണികൾ തങ്ങളുടെ ശ്രദ്ധ കൊടുക്കുമെങ്കിൽ എത്രയോ മനോഹരമായ സിനിമകൾ കൂടുതൽ ആസ്വാദന ശ്രദ്ധ നേടുമായിരുന്നു .എത്രയോ നല്ല അഭിനേതാക്കൾ മലയാള സിനിമയിലേക്ക് വരുമായിരുന്നു .നല്ല സിനിമകളെ വിജയിപ്പിക്കുക ,പ്രോത്സാഹിപ്പിക്കുക എന്നത് കാണികളുടെ ഉത്തരവാദിത്തം കൂടിയാണ് .

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം