തമിഴിലും തെലുങ്കിലും ഹിറ്റ് സൃഷ്ടിച്ച് ഫഹദ് ഫാസില്‍ ഇനി കന്നഡയിലേക്ക്. കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഫഹദ് ഇപ്പോള്‍. സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ കന്നഡ അരങ്ങേറ്റം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഗീര.
‘കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹൊംബാലെ ഫിലിംസിന്റെ മലയാള ചിത്രം ‘ധൂമ’ത്തിലും ഫഹദ് ആണ് നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു.
ബഗീരയില്‍ ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ് ഫഹദ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പൊലീസ് ഉദ്യോഗസ്ഥനായാവും ശ്രീമുരളി ചിത്രത്തില്‍ വേഷമിടുക. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആക്ഷന്‍ ചിത്രമായാണ് ബഗീര ഒരുക്കുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമയുടെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചേക്കും.
ബംഗളൂരുവും മംഗളൂരുവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നേരത്തെ ‘ലക്കി’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡോ. സൂരി. അതേസമയം, ‘മാമന്നന്‍’, ‘പാച്ചുവും അല്‍ഭുത വിളക്കും’, ‘പുഷ്പ 2’, ‘ഹനുമാന്‍ ഗിയര്‍’, ‘പാട്ട്’ എന്നീ സിനിമകളാണ് ഫഹദിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍.