ആ നിര്‍ണ്ണായക വേഷം വേണ്ട.. രജനികാന്ത് ചിത്രം 'കൂലി'യോട് നോ പറഞ്ഞ് ഫഹദ്! ലോകേഷ് യൂണിവേഴ്‌സില്‍ നിന്നും വിട്ടുനിന്ന് താരം

ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം ‘കൂലി’യിലെ സുപ്രധാന റോള്‍ വേണ്ടെന്ന് വച്ച് നടന്‍ ഫഹദ് ഫാസില്‍. ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്താനിരുന്നത് ഫഹദ് ആയിരുന്നു. ഫഹദ് വില്ലന്‍ ആയി എത്തും എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരം ചിത്രത്തോട് നോ പറഞ്ഞതായുള്ള വിവരങ്ങള്‍ എത്തിയിരിക്കുന്നത്.

സിനിമയുടെ നിര്‍മ്മാതാക്കള്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ ഫഹദിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡ് റോളോ കാമിയോ വേഷമോ ആയിരുന്നില്ല, ഒരു നിര്‍ണായകമായ വേഷം തന്നെയായിരുന്നു ഫഹദിന് നല്‍കിയിരുന്നത്. എന്നാല്‍ ഡേറ്റ് ക്ലാഷ് ആകുന്നതിനാലാണ് ഫഹദ് കൂലി ഉപേക്ഷിച്ചത്.

‘പുഷ്പ 2’ അടക്കം നിരവധി പ്രോജക്ടുകളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനായി എത്തുന്ന ജ്ഞാനവേലിന്റെ ‘വേട്ടയ്യന്‍’ എന്ന ചിത്രത്തില്‍ ഫഹദ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ ചെന്നൈയില്‍ വച്ച് വേട്ടയ്യനിലെ തന്റെ കഥാപാത്രത്തിനായി താരം ഡബ്ബ് ചെയ്തിരുന്നു.

അതേസമയം, സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more