‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു.
ആവേശം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് നായകനാവുന്ന മലയാള ചിത്രം കൂടിയാണ് ഓടും കുതിര ചാടും കുതിര. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, കല്ല്യാണി പ്രിയദർശൻ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, വിനീത് വാസുദേവൻ, ബാബു ആന്റണി, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ജിന്റോ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസാണ് നിർവഹിക്കുന്നത്.
തല്ലുമാല, അയൽവാശി, തുണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെയും പ്രേക്ഷകർ നോക്കികാണുന്നത്.