ഇതുവരെ നിർമ്മിച്ചത് 5 സിനിമകൾ, അതിൽ തന്നെ മലയാളത്തിന് പരിചയപ്പെടുത്തിയത് 3 പുതുമുഖ സംവിധായകരെ. പുതുതായി പ്രഖ്യാപിച്ച ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ സംവിധായകൻ കൂടി മലയാള സിനിമയിലേക്ക് കടന്നുവരുന്നു. പറഞ്ഞുവരുന്നത് മറ്റാരെ കുറിച്ചുമല്ല, മലയാള സിനിമയിൽ ഇന്ന് മിനിമം ഗ്യാരന്റിയുള്ള സിനിമകൾ പുറത്തിറക്കുന്ന പ്രൊഡക്ഷൻ കമ്പനിയായ ‘ഭാവന സ്റ്റുഡിയോസി’നെ പറ്റിയാണ്. ഇടുക്കിയിലെ പ്രകാശിലെ നമ്മുടെ മഹേഷ് ഭാവനയുടെ ഭാവന സ്റ്റുഡിയോ ഇല്ലേ, അത് തന്നെ സംഗതി.
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഇന്നും മുൻപന്തിയിലാണ് ചിത്രം. ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.
മലയാള സിനിമയിലേക്ക് മധു സി നാരായണൻ എന്ന പുതുമുഖ സംവിധായകനെ സമ്മാനിച്ചുകൊണ്ടാണ് ഭാവന സ്റ്റുഡിയോസിന്റെ തുടക്കം. 2019 ഫെബ്രുവരി 7 നായിരുന്നു കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം റിലീസ് ചെയ്തത്. ഷെയ്ൻ നിഗം, സൌബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അന്ന ബെൻ, മാത്യു തോമസ് തുടങ്ങീ യുവതാരങ്ങളെ അണിനിരത്തി കുമ്പളങ്ങിയിലെ കഥ പറഞ്ഞപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് ചിത്രം കൂടിയാണ് അന്ന് പിറവിയെടുത്തത്. ശ്യാം പുഷ്കരൻ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.
കുമ്പളങ്ങിക്ക് ശേഷം ജോജി എന്ന അതിഗംഭീര സിനിമയുമായി 2021- ലാണ് ഭാവന സ്റ്റുഡിയോസ് വീണ്ടുമെത്തുന്നത്. ഇത്തവണ ദിലീഷ് പോത്തൻ തന്നെയായിരുന്നു സംവിധായകൻ. ടൈറ്റിൽ കഥാപാത്രമായി ഫഹദ് ഫാസിലും.
കെ. ജി ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രവുമായി സാമ്യം പ്രകടിപ്പിച്ച ജോജി ആഖ്യാനത്തിലും കൃത്യമായ കയ്യടക്കത്തോടെയുള്ള തിരക്കഥയിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികവ് പുലർത്തി, ആ വർഷത്തെ മികച്ച സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. എന്നാൽ വില്ല്യം ഷേക്സ്പിയറിന്റെ മാക്ബത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. കോവിഡ് കാലത്തൊരുക്കിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്തത്.
2022-ൽ സംഗീത് പി രാജൻ എന്ന മറ്റൊരു പുതുമുഖ സംവിധായകനെ മലയാളത്തിന് പരിചയപ്പെടുത്തികൊണ്ടാണ് ഭാവന സ്റ്റുഡിയോസ് ഭാവന സ്റ്റുഡിയോസ് മലയാളത്തിൽ വീണ്ടും ശ്രദ്ധ നേടുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നെഴുതിയ ചിത്രത്തിൽ പ്രസൂൺ കൃഷ്ണകുമാർ എന്ന വെറ്റിനറി ഡോക്ടർ ആയി ബേസിൽ ജോസഫ് ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. സാമ്പത്തികമായും ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു.
തൊട്ടടുത്ത വർഷം ‘തങ്കം’ എന്ന ചിത്രത്തിലൂടെ സഹീദ് അറഫാത്ത് എന്ന മറ്റൊരു പുതുമുഖ സംവിധായകനെ കൂടി ഭാവന സ്റ്റുഡിയോസ് മലയാളത്തിന് സമ്മാനിച്ചു. വിനീത് ശ്രീനിവാസനും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ക്രൈം ത്രില്ലർ ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരൻ തന്നെയായിരുന്നു. ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു തങ്കം.
പ്രേമലു എന്ന ഗംഭീര സിനിമയുമായാണ് ഭാവന സ്റ്റുഡിയോസ് 2024 എന്ന പുതുവർഷം ആരംഭിച്ചിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത് നസ്ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ തുടങ്ങീ യുവ താരങ്ങളെ അണിനിരത്തി റൊമാന്റിക്- കോമഡി ഴോണറിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കി മുന്നേറുകയാണ്.
പ്രേമലു തിയേറ്ററിൽ മികച്ച അഭിപ്രായങ്ങൾ നേടികൊണ്ടിരിക്കുമ്പോൾ തങ്ങളുടെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. റോയ് എന്ന പുതുമുഖ സംവിധായകനെയാണ് ‘കരാട്ടെ ചന്ദ്രൻ’ എന്ന ചിത്രത്തിലൂടെ ഭാവന സ്റ്റുഡിയോസ് ഇത്തവണ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത്.
ടൈറ്റിൽ കഥാപാത്രമായെത്തുന്നത് ഫഹദ് ഫാസിൽ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മലയാള സാഹിത്യത്തിൽ മികവ് തെളിയിച്ച എസ്. ഹരീഷ് വിനോയ് തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതെന്നും കരാട്ടെ ചന്ദ്രന് പ്രതീക്ഷ വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
കൂടാതെ തന്റെ അടുത്ത ചിത്രത്തിന് വേണ്ടി ശ്യാം പുഷ്കരൻ ഇപ്പോൾ മറ്റൊരു തിരക്കഥയെഴുതികൊണ്ടിരിക്കുകയാണെന്ന് ദിലീഷ് പോത്തൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലിനെ നായകനാക്കിയുള്ള ആക്ഷൻ ചിത്രമായിരിക്കുമോ ഇതെന്ന ആകാംക്ഷയിലാണ് ഈ പ്രൊജക്റ്റിനെ പ്രേക്ഷകർ നോക്കിക്കാണുന്നത്.
നായകനെ നോക്കി മാത്രം സിനിമ കണ്ടിരുന്ന ഭൂരിപക്ഷം മലയാളികൾ സംവിധായകന്റെ പേര് നോക്കി സിനിമയ്ക്ക് കയറാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല, അത്തരമൊരു കൂട്ടത്തിലേക്കാണ് ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ കമ്പനി കേവലം 5 സിനിമകളിലൂടെ ഇന്ന് എത്തി നിൽക്കുന്നത്. അതെ, സിനിമ പ്രേമികൾക്ക് ധൈര്യമായി ടിക്കറ്റ് എടുക്കുവാനുള്ള മറ്റൊരു പേര് കൂടിയാണ് ഭാവന സ്റ്റുഡിയോസ്.