'രാഷ്ട്രീയപാർട്ടി പ്രചരിപ്പിച്ചത് വ്യാജ വാർത്ത'; കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ പ്രീതി സിൻ്റ

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി പ്രീതി സിൻ്റ. കോൺഗ്രസ്സ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും നടി പറഞ്ഞു. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം.

തിങ്കളാഴ്ചയാണ് കേരള കോൺഗ്രസിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പ്രസ്താവന പാർട്ടി നടത്തിയത്. “നടി പ്രീതി സിന്റ്റെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകി, തുടർന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകർന്നു. നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” – എന്നായിരുന്നു എക്സിൽ കോൺഗ്രസ് കുറിച്ചത്.

ഈ പോസ്റ്റിന് മറുപടിയായാണ് നടി ഇന്ന് രംഗത്തെത്തിയത്. “ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വയം കൈകാര്യം ചെയ്യുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച നിങ്ങൾക്ക് നാണമില്ലേ എന്നും നടി കുറിച്ചു. ആരും എനിക്ക് വേണ്ടി ഒന്നും എഴുതിത്തള്ളിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ പ്രതിനിധിയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് മോശമായ ഗോസിപ്പുകളിലും ക്ലിക്ക് ബെയ്റ്റുകളിലും ഏർപ്പെടുകയും ചെയ്യുന്നത് എന്നെ ഞെട്ടിച്ചു.” – പ്രീതി എക്സിൽ കുറിച്ചു.

Read more