എഴുപത്തൊന്നിൻ്റെ നിറവിലെത്തിയ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ആശംസ അറിയിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. പലരും മമ്മൂട്ടി എന്ന നടനിലൂടെ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചാണ് ആശംസ അറിയിക്കുന്നത്. ഹാപ്പി ബര്‍ത്തിഡേ മെഗാസ്റ്റാര്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. “മനുഷ്യൻ, ഇതിഹാസം, ഏറ്റവും ലളിതവും ഏറ്റവും മനുഷ്യത്വമുള്ളവനുമായ ഒരേയൊരു മമ്മൂക്ക. നിങ്ങൾ ഉള്ള സാഹോദര്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. എല്ലാ ചുവടുകളിലും എപ്പോഴും വെളിച്ചം ഉണ്ടാകട്ടെ..”, എന്നാണ് റസൂൽ പൂക്കൂട്ടി കുറിച്ചത്.
എൻ്റെ മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള നിരവധി പേരുണ്ടാകും.. പല രീതിയിൽ. എന്നാൽ ഒരു മനുഷ്യൻ നമ്മെ എല്ലാക്കാര്യത്തിലും സ്വാധീനിക്കുക എന്നത് എത്ര പേരുടെ ജീവിതത്തിൽ സാധ്യമാകും എന്നറിയില്ല. എന്നാൽ എൻ്റെ ജീവിതത്തിൽ, എൻ്റെ എല്ലാ കാര്യങ്ങളിലും ഈ മനുഷ്യൻ എന്ന സ്വാധീനിക്കുകയാണ് വല്ലാതെ .. പ്രിയ മമ്മുക്കാ .. എൻ്റെ ജീവിതത്തിലെ നിറങ്ങൾ അങ്ങ് നൽകിയതാണ്. കൂടെ നടന്നും ഇടപെട്ടും ഞാൻ നേടിയതാണ്.
മമ്മുക്ക എന്ന നടനേക്കാൾ ഉപരി മമ്മൂക്ക എന്ന വ്യക്തിയെ ഞാൻ എൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിട്ട് എത്രയോ കാലമായി ..! അത് പൂർണ ശോഭയോടെ ഇനിയും ഇനിയും തിളങ്ങും . അവിസ്മരണീയ കഥാപാത്രങ്ങളായി അങ്ങ് ഞങ്ങളുടെ മുന്നിലേക്ക് ഓടിയണയുമ്പോൾ അവയൊക്കെയും ഈ നാടിന് അഭിമാനകരമാകട്ടെ എന്ന് ആശംസിക്കുന്നു. എൻ്റെ മമ്മൂക്കയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ… ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഞങ്ങൾക്കൊപ്പം എന്നുമുണ്ടാകാൻ പ്രാർഥിക്കുന്നു”, എന്നാണ് ബാദുഷ കുറിച്ചത്.
‘അകത്തും പുറത്തും സ്‌നേഹത്തോടെ പിറന്നാളാശംസകൾ’ എന്ന് ആരാധകന്റെ വെെറൽ വീഡിയോയ്ക്കൊപ്പമാണ് രമേഷ് പിഷാരടി കുറിച്ചത്. ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ ഏഴ്. സ്വരങ്ങൾ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോൾ പോലും ഏഴ് കടന്നു വരുന്നു. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാൾ പുലരുന്ന ഈ പാതിരാവിൽ എൻ്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്.
ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു. ഒരുപാട് നല്ല ദിവസങ്ങൾക്ക്. തന്ന തണലിന്. ചേർത്തു പിടിക്കലിന്. സഹോദര സ്നേഹത്തിന്. വാത്സല്യത്തിന്. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക, ആയുരാരോഗ്യത്തിനായി പ്രാർഥനകൾ എന്നായിരുന്നു ആന്റോ ജോസഫ് കുറിച്ചത്.
ഹാപ്പി ബർത്ത് ഡേ ഡിയർ മമ്മൂക്ക, ഇന്ന് ഒത്തിരി പ്രത്യേകതകൾ ഉള്ള ദിവസമാണ്, ഇന്ന് വരെ ഞാൻ പറയുമായിരുന്നു എന്റെയും മമ്മുക്കയുടെയും ജന്മദിനം ആണ് സെപ്റ്റംബർ 7. എന്നാൽ ഇന്നുമുതൽ പറയും ഞങ്ങളുടെയും യൂടോക്ക്ന്റെയും ജന്മദിനം ആണ് എന്ന്. മമ്മൂക്ക ഇനിയും ഒരുപാട് വർഷങ്ങൾ എന്റെ നായകനായിരിക്കാൻ ദൈവം തുണയാകട്ടെ എന്നായിരുന്നു ജോബി ജോർജ് കുറിച്ചത്. “പ്രിയപ്പെട്ട മമ്മൂട്ടി സാർ, നിങ്ങളുടെ ജന്മദിനത്തിൽ സന്തോഷവും ആരോഗ്യവും നേരുന്നു”, എന്ന് ആന്‍റണി പെരുമ്പാവൂരും കുറിച്ചു. സുജാത മോഹൻ, സൂരജ് സൺ, സംയുക്ത മേനോൻ ,കൃഷ്ണപ്രഭ തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചെത്തിട്ടുള്ളത്.
മമ്മൂട്ടിയുടെ വീടിന് മുന്നിൽ എത്തിയും ആരാധകർ ആശംസകൾ അറിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങളാണ് വീടിന് മുന്നിൽ അർധരാത്രി അണിനിരന്നത്. കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും, പൂത്തിരിയും പടക്കങ്ങളുമായി ആരാധകർ പ്രിയനടന്റെ പിറന്നാൾ ആഘോഷമാക്കിയ ശേഷമാണ് ആരാധകർ മടങ്ങിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി എത്തി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.