തുടരും കാണാന്‍ മോഹന്‍ലാല്‍ തിയ്യേറ്ററില്‍ എത്തിയപ്പോള്‍ സംഭവിച്ചത്, സൂപ്പര്‍ താരത്തെ വിടാതെ ആരാധകര്‍, വീഡിയോ

മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രം തുടരും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രം ആരാധകര്‍ ഉള്‍പ്പെടെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടി നേടുന്നു. പ്രൊമോഷനുകള്‍ ഒന്നും അധികം ഇല്ലാതെ എത്തിയ ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കയ്യടിച്ചുകണ്ട ചിത്രമായി തുടരും. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം എന്ന പ്രത്യേകതയോട് കൂടിയാണ് തുടരും എത്തിയത്.

തുടരും ആദ്യ ദിനം കാണാന്‍ തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂനെയിലെ പിവിആര്‍ മള്‍ട്ടിപ്ലക്‌സിലാണ് സൂപ്പര്‍താരം ചിത്രം കണ്ടത്. സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നിലവില്‍ പൂനെയിലാണ് മോഹന്‍ലാല്‍. ഹൃദയപൂര്‍വ്വം അണിയറപ്രവര്‍ത്തകരും സിനിമ കാണാനായി മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. വീഡിയോയില്‍ ലാലു അലക്‌സ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവരെയും മോഹന്‍ലാലിനൊപ്പം കാണാം.

ഫാമിലി ഡ്രാമ വിഭാഗത്തില്‍ എത്തിയ ചിത്രം ഇനി വരുംദിവസങ്ങള്‍ കുടുംബപ്രേക്ഷകരും ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. കെഎആര്‍ സുനിലിന്റെ കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജേക്‌സ് ബിജോയി ഒരുക്കിയ പാട്ടുകള്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയന്‍പിളള രാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യൂ, ഇര്‍ഷാദ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജികുമാറാണ് സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. കലാസംവിധാനം ഗോകുല്‍ ദാസ്.