കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും

കൊച്ചി കലൂരിലെ വേദാന്ത ഹോട്ടലിൽ ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ മകൻ യാത്രയിലായതിനാൽ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് മറുപടി നൽകി.

 സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു.

ദയവ് ചെയ്ത് ഞങ്ങളെ ദ്രോഹിക്കരുത് എന്ന് ഷൈൻ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. അഡ്വ രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ.