മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്റെ നിലപാടിനെതിരെ ഫെഫ്ക. മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടം നികത്താതെ ഇനി മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക എടുത്തിരിക്കുന്നത്.
നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കി. ”ഒരു തര്‍ക്കത്തെ ഒരു ഏകപക്ഷീയമായ സ്വഭാവം കൊണ്ട് നേരിടാന്‍ പിവിആര്‍ തയാറാകുന്നത്. മലയാളിയെ കുറിച്ചും മലയാള സമൂഹത്തെ കുറിച്ചും ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളാണ് എന്ന വിശ്വാസത്തെയാണ് അവര്‍ ചൂഷണം ചെയ്യുന്നത്.”
”ഈ നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം പിവിആര്‍ നല്‍കണം. എത്രത്തോളം നഷ്ടം എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വന്നിട്ടുണ്ടോ, അത് കണക്കാക്കി കൈമാറിയിട്ടല്ലാതെ ഒരു മലയാള സിനിമയും പിവിആറിന് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാവില്ല” എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.
ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ആണ് പിവിആര്‍ ഏപ്രില്‍ 11ന് ബഹിഷ്‌കരിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11ന് റിലീസ് ചെയ്ത ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ് എന്നീ മൂന്ന് സിനിമകളുടെയും പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്.