അവാര്‍ഡ് ചിത്രം നിര്‍മ്മിച്ചത് മതമൗലികവാദികളുടെ പണം കൊണ്ടെന്ന പരാമര്‍ശം; ജൂറി അംഗത്തിന് എതിരെ പരാതിയുമായി ഫെഫ്ക

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അംഗത്തിനെതിരെ പരാതിയുമായി ഫെഫ്ക. ജൂറി അംഗമായ എന്‍. ശശിധരനെതിരെയാണ് ഫെഫ്ക പരാതി നല്‍കിയിരിക്കുന്നത്. സംവിധായകനുള്ള പുരസ്‌കാരം നേടിയ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നടപടി.

പുരസ്‌കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിത്രം മതമൗലിക വാദികളുടെ പണം കൊണ്ട് നിര്‍മ്മിച്ചതാണ് എന്ന ശശിധരന്റെ പരാമര്‍ശത്തിനെതിരെയാണ് ഫെഫ്ക പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ശശിധരനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ടെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

പുരസ്‌കാര നിര്‍ണയ സമിതിയില്‍ തന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും പരിഗണനയും ലഭിച്ചില്ലെന്നും, താന്‍ അപമാനിക്കപ്പെട്ടുവെന്നുമായിരുന്നു ശശിധരന്‍ പറഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഒരിക്കലും ഒരു മികച്ച സിനിമയായോ, സ്ത്രീപക്ഷത്ത് നില്‍ക്കുന്ന ചിത്രമായോ കാണാന്‍ സാധിക്കില്ലെന്നും മതമൗലിക വാദികളുടെ പണം കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചത് എന്നുമായിരുന്നു ശശിധരന്‍ പറഞ്ഞിരുന്നത്.

Read more

പ്രസ്താവന വിവാദമായതോടെ പ്രസ്താവന തിരുത്തി ശശിധരന്‍ രംഗത്തെത്തിയിരുന്നു.