കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മ്മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം വന്നതിനു പിന്നാലെയാണ് സിനിമാ മേഖലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഫെഫ്കയുടെ നിര്‍ദ്ദേശം വന്നത്.
ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് അത് നിര്‍ത്തി വെച്ചാല്‍ ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്തു കൊണ്ട് ഷൂട്ടിംഗ് തുടരണമോ വേണ്ടയോ എന്നത് ആ സിനിമയുടെ സംവിധായകനും പ്രൊഡ്യൂസര്‍ക്കും തീരുമാനിക്കാം. ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും എടുക്കണമെന്നും, ഏതെങ്കിലും സെറ്റുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പാലിക്കുവാനും, ആ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കാനും ഫെഫ്ക അറിയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം “മരക്കാര്‍ – അറബിക്കടലിന്റെ സിംഹം”, ഉണ്ണി.ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന “വാങ്ക്” തുടങ്ങിയവ ഉള്‍പ്പെടെയുള്ള സിനിമകളുടെ റിലീസ് നീട്ടി. നേരത്തേ, മാര്‍ച്ച് 12-ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം “കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി”ന്റെ റിലീസ് മാറ്റിവെച്ചിരുന്നു. വിഷു റിലീസ് ആയ മമ്മൂട്ടി ചിത്രം വണ്‍, വിജയ് ചിത്രം മാസ്റ്ററിന്റെ കേരള റിലീസ് എന്നിവയുടെ തിയതിയും നീളാന്‍ സാദ്ധ്യതയുണ്ട്.