ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ സിജു എടുത്ത കഠിനാദ്ധ്വാനത്തെക്കുറിച്ച് സംവിധായകന്‍ അരുണ്‍ വൈഗ. ഒരു നടന്‍ വലിയൊരു താരമാകുന്നതിന്റെ പിന്നില്‍ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും, അവര്‍ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതുമാണെന്നും സിജുവില്‍ കണ്ടത് ഈ ആത്മാര്‍ഥതയാണെന്നും അരുണ്‍ വൈഗ പറയുന്നു.
അരുണ്‍ വൈഗയുടെ വാക്കുകള്‍:
ഈ ഫോട്ടോ ഞാന്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഷൂട്ടിങ് സെറ്റില്‍ സിജു ഭായിയെ കാണാന്‍ പോയപ്പോള്‍ എടുത്തതാണ്. പത്തൊന്‍പതാം നൂറ്റാണ്ട് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം വന്നതും ഈ ഒരു ചിത്രമായിരുന്നു അത് മറ്റൊന്നുമല്ല വേലായുധപണിക്കര്‍ എന്ന കഥാപാത്രത്തില്‍ സിജു വില്‍സന്‍ നിറഞ്ഞാടി ഇത്രയും വലിയ വിജയത്തിലേക്ക് സിനിമ എത്തിയപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി ആ കഥാപാത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എത്രമാത്രം വലുതാണെന്ന്. ഞങ്ങള്‍ അന്ന് ഷൂട്ടിങ് സെറ്റില്‍ കണ്ടപ്പോള്‍ അദ്ദേഹം ഫൈറ്റ് സീന്‍ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. കുറച്ചു സമയം കിട്ടി, ഞങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപോയ സമയത്ത് ഞാന്‍ എടുത്ത ഫോട്ടോയാണത്. വീണ്ടും ടേക്കിനു വിളിക്കുമ്പോള്‍ വളരെ ഉത്സാഹത്തോടെ വേലായുധപ്പണിക്കരായി അദ്ദേഹം തയാറായി നില്‍ക്കുന്നു.
എപ്പോഴും ഒരു നടന്‍ വലിയൊരു താരമാകുന്നതിന്റെ പിന്നില്‍ അവരുടെ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും, അവര്‍ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലര്‍ത്തുമ്പോഴും ആണ്. ഗുണ്ട ജയന്റെ ഷൂട്ടിങ് രാത്രി ഒരുപാട് വൈകി ചെയ്യുമ്പോള്‍ സിജു ഭായിയുടെ ടേക്ക് ആകുന്ന സമയത്ത് അദ്ദേഹം ഇപ്പോള്‍ സിനിമയില്‍ എത്ര മണിയാണ് എന്ന് സഹ സംവിധായകനോട് ചോദിച്ച് വാച്ചില്‍ കറക്റ്റ് ചെയ്യും. എല്ലാവര്‍ക്കും റജിസ്റ്റര്‍ ചെയ്യുന്ന ഒരു കാര്യവുമല്ല സഹസംവിധായകന്‍ ശ്രദ്ധിക്കേണ്ട കാര്യവുമാണ്. പക്ഷേ തന്റെ കഥാപാത്രം എല്ലാ കാര്യത്തിലും പെര്‍ഫെക്റ്റ് ആവണമെന്ന് ആഗ്രഹിക്കുന്ന ഒരു നടന്‍ വേലായുധപ്പണിക്കര്‍ എന്ന വലിയ കഥാപാത്രം ചെയ്തപ്പോള്‍ എത്രമാത്രം അതില്‍ ശ്രദ്ധ പുലര്‍ത്തി ചെയ്തു എന്നുള്ളത് അദ്ദേഹത്തെ ഷൂട്ട് ചെയ്ത സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് മനസ്സിലാവും. സിജു ഭായ് നിങ്ങള്‍ ശരിക്കും ഞെട്ടിച്ചു. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങള്‍ സിജു ഭായ് അതില്‍ ഏറെ സന്തോഷവും നിങ്ങളുടെ വിജയം കാണുമ്പോള്‍ ഇനിയും വലിയ സിനിമകളും വലിയ വിജയങ്ങളും ജീവിതത്തില്‍ സംഭവിക്കട്ടെ.
വിനയന്‍ സാര്‍ എന്ന സംവിധായകന്റെ തിരിച്ചുവരവാണ് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം ഈ മനോഹര ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു എങ്ങനെയാണ് അദ്ദേഹം ഇത്രയും ധൈര്യം കാണിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു ഉത്തരം. ചരിത്രസിനിമകള്‍ എടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. രണ്ടര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ സിനിമ വളരെ എന്‍ഗേജ്ഡ് ആക്കി തിരക്കഥയും അവതരണവും ഒക്കെ മികച്ചു നിന്നു. രാക്ഷസരാജാവ് സിനിമയുടെ ഷൂട്ടിങ് ഉദയംപേരൂര്‍ നടക്കുമ്പോള്‍ പാട്ട് സീനില്‍ പുറകില്‍ കുറച്ച് ആള്‍ക്കൂട്ടം വേണം. അങ്ങനെ കൂട്ടത്തില്‍ ഒരാളായിട്ടാണ് എന്റെ ആദ്യത്തെ ഒരു സിനിമ അനുഭവം. സാറിനോട് സംസാരിച്ചപ്പോള്‍ ആ ഓര്‍മ പങ്കുവെച്ചു .ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ തന്നിട്ടുള്ള വിനയന്‍ സാറിന്റെ ഈ വിജയം ഒരുപാട് സന്തോഷം നല്‍കുന്നു പ്രതീക്ഷ നല്‍കുന്നു.
തിരക്കഥയിലും സംവിധായകനിലും വിശ്വാസം അര്‍പ്പിച്ച് ധൈര്യത്തോടെ വലിയ സിനിമ നിര്‍മിച്ച് വിജയത്തിലേക്ക് എത്തുമ്പോള്‍ അതില്‍ ഏറ്റവും അഭിനനനം അര്‍ഹിക്കുന്നത് അതിന്റെ നിര്‍മാതാവാണ്. ഗോകുലം ഗോപാലന്‍ സാറിനെ ഒരുപാട് അഭിനന്ദനങ്ങള്‍ ഇനിയും ഇങ്ങനത്തെ സിനിമകള്‍ സംഭവിക്കട്ടെ. ഒപ്പം പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.