മലയാള സിനിമ സ്തംഭിക്കുന്നു.. വ്യാഴാഴ്ച മുതല്‍ സിനിമ റിലീസ് ചെയ്യില്ല! കടുത്ത തീരുമാനവുമായി ഫിയോക്ക്

വ്യാഴാഴ്ച മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമകള്‍ ധാരണ ലംഘിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നുവെന്നാണ് ഫിയോക്കിന്റെ ആരോപണം. ഫിയോക്കിന്റെ നിര്‍ദേശവും സത്യവാങ്മൂലവും ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതിനാല്‍ സിനിമ റിലീസ് നിര്‍ത്തിവയ്ക്കും എന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.

തിയേറ്ററില്‍ എത്തി 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒ.ടി.ടിക്ക് നല്‍കുകയുള്ളു എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കുന്നതാണ്. ഇത് പലതവണയായി പല നിര്‍മ്മാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ അടുത്ത ദിവസം തന്നെ ഒ.ടി.ടിക്ക് കൊടുക്കുന്നത്. ഇത് തിയേറ്ററുടമകള്‍ക്ക് നഷ്ടം ഉണ്ടാക്കുകയാണ്.

അതുകൊണ്ട് ഈ വിഷയത്തില്‍ ഒരു തീരുമാനം വരുന്നത് വരെ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ഫിയോക്കിന്റെ തീരുമാനം. എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ചിത്രം വാങ്ങുന്നുള്ളു എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അങ്ങനെ വാങ്ങുന്ന സിനിമകള്‍ 42 ദിവസം അല്ല, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൊടുക്കാന്‍ അവര്‍ പറയുന്നുണ്ട്.

അതിനാല്‍ 42 ദിവസം വരെ കാത്തിരുന്നാല്‍ അത് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമാണ്. ആ നഷ്ടം സഹിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് പല സിനിമകളും നേരത്തെ ഒ.ടി.ടിക്ക് നല്‍കണ്ട അവസ്ഥ വരുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫിലിം ചേംബറില്‍ ഈ വിഷയം ഫിയോക് ഉന്നയിച്ചിരുന്നു. ഫിലിം ചേംബര്‍ 28-ാം തിയതി ഒരു യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

Read more

എന്നാല്‍ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും എന്ന തീരുമാനം ഫിലിം ചേംബറിനെ അറിയിച്ചിട്ടില്ല. അതേസമയം, സിംഗിള്‍ സ്‌ക്രീന്‍ ഉള്ള തിയേറ്ററുടമകളെ നിര്‍മ്മാതാക്കള്‍ തരംതാഴ്ത്തുകയും മള്‍ട്ടിപ്ലെക്‌സുകളെ സഹായിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈ എടുക്കുന്നുവെന്ന ആരോപണവും ഫിയോക് ഉന്നയിക്കുന്നുണ്ട്. അതും തിയേറ്ററുടമകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.