പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് വിലക്ക്; തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍

പുതിയ സിനിമകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശത്തെ മറികടന്ന് ഷൂട്ടിംഗ് തുടങ്ങിയ സിനിമകള്‍ക്കെതിരെ ഫിലിം ചേംബര്‍. ഈ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം. പുതിയതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.

കോവിഡ് ലോക്ഡൗണില്‍ 60- ഓളം സിനിമകളുടെ ചിത്രീകരണമാണ് നിലച്ചത്. ഈ സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കണം എന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ. ഇത് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

ഖാലിദ് റഹമാന്‍, മഹേഷ് നാരായണന്‍ എന്നിവരാണ് ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും തീരുമാനം ലംഘിച്ചാണ് ഈ ചിത്രങ്ങള്‍ ആരംഭിച്ചതെന്ന് ഫിലിം ചേംബര്‍ പറയുന്നത്. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ പുതിയ പ്രൊജക്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ “ദൃശ്യം 2” ചിത്രീകരണം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Read more

അതേസമയം, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അഭിനേതാക്കളുടെ പ്രതിഫലം അമ്പത് ശതമാനം കുറയ്ക്കുമെന്ന് താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ തീരുമാനമായി. എന്നാല്‍ നിലവില്‍ പുതിയ സിനിമകള്‍ ഷൂട്ടിംഗ് ആരംഭിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനോട് അമ്മയ്ക്ക് വിയോജിപ്പാണ്.