രണ്‍വീര്‍ സിംഗുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ നിര്‍മ്മാണകമ്പനിയായ യഷ് രാജ് ഫിലിംസ്. തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടനുമായി ഇനി സിനിമകളില്ലെന്ന കടുത്ത തീരുമാനമെടുക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് സൗഹൃദപരമായ വേര്‍പിരിയലാകും ഇതെന്നാണ് റിപ്പോര്‍ട്ട്.
മനീഷ് ശര്‍മ്മയുടെ സംവിധാനത്തിലെത്തിയ ‘ബാന്‍ഡ് ബാജാ ബാരാത്തി’ലൂടെയാണ് രണ്‍വീര്‍ സിംഗിന്റെ അരങ്ങേറ്റം. യഷ് രാജ് ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രം നടന് മികച്ച തുടക്കമായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം പുറത്തിറങ്ങിയ രണ്‍വീറിന്റെ സിനിമകള്‍ പൂര്‍ണ പരാജയങ്ങളായിരുന്നു.
വലിയ ഹൈപ്പില്‍ തിയേറ്ററുകളില്‍ എത്തിയ ’83’ ടിക്കറ്റ് വിറ്റുപോകാന്‍ തന്നെ പാടുപെട്ടു. പിന്നീടെത്തിയ ‘ജയേഷ്ഭായ് ജോര്‍ദാര്‍’ 15.59 കോടി മാത്രമാണ് കളക്ഷന്‍ നേടിയത്. ഏറെ പ്രതീക്ഷകളോടെ എത്തിയ ‘സര്‍ക്കസ്’ പ്രേക്ഷകരെ നിരാശപ്പെടുത്തി.
35.65 കോടി നേടി ചിത്രത്തിന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. നിലവില്‍ വൈആര്‍എഫ് സ്‌പൈ യുണിവേഴ്സിനായി നീക്കങ്ങള്‍ നടത്തുന്ന പ്രൊഡക്ഷന്‍ കമ്പനിക്ക് അതിന്മേല്‍ വലിയ നിക്ഷേപം ആവശ്യമാണ്. രണ്‍വീര്‍ ചിത്രങ്ങളില്‍ പണം മുടക്കി പിശക് വരുത്താനാകില്ല എന്നതിനാലാണ് പുതിയ തീരുമാനം.
‘വൈആര്‍എഫ് സ്ഥാപകന്‍ ആദിത്യ ചോപ്രയും അദ്ദേഹത്തിന്റെ സംഘവും ഇപ്പോള്‍ വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സില്‍ വലിയ നിക്ഷേപം നടത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്’ വൈആര്‍എഫിന്റെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററാകാന്‍ സാധിച്ചു. കൂടാതെ സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ 3′ റിലീസിനായി തയ്യാറെടുക്കുകയാണ്.
വരാനിരിക്കുന്ന സിനിമകളും സംഘം ആസൂത്രണം ചെയ്യുന്നുണ്ട്. ഓരോ ചിത്രത്തിനും വന്‍തോതില്‍ ബഡ്ജറ്റ് ആവശ്യമായതിനാല്‍ തെറ്റായ സിനിമകളില്‍ പണം മുടക്കി അപകടം വരുത്തിവെയ്ക്കാനാകില്ല. ഓരോ ചിത്രത്തിനും പ്രീ-പ്രൊഡക്ഷന്‍ മുതല്‍ റിലീസ് വരെ പരമാവധി ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമാണ് രണ്‍വീറില്‍ നിന്നുള്ള പിന്മാറ്റം,’ ബോളിവുഡ് ഹങ്കാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.