ഒച്ചപ്പാടും ബഹളവും മാത്രമുണ്ടാക്കി, തിയേറ്ററില്‍ നിരാശപ്പെടുത്തിയ 2017ലെ മലയാള ചിത്രങ്ങള്‍

മലയാളത്തില്‍ നിരവധി മികച്ച ചിത്രങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2017. അതോടൊപ്പം തന്നെ ഒച്ചയും ബഹളവും മാത്രമുണ്ടാക്കി തിയേറ്ററില്‍ നിരാശപ്പെടുത്തിയ ചിത്രങ്ങളും ധാരാളമുണ്ടായിരുന്നു.

ഓവര്‍ ഹൈപ്പുണ്ടാക്കി നിരാശപ്പെടുത്തിയ ചില ചിത്രങ്ങള്‍.

ഹണി ബീ 2

ഹണി ബീ എന്ന തകര്‍പ്പന്‍ ചിത്രത്തിന് ശേഷം ലാല്‍ ജൂണിയര്‍ ഇറക്കിയ രണ്ടാം ഭാഗമാണിത്. കോമഡി കുത്തിതിരുകാന്‍ ശ്രമിച്ച് പരാജയപ്പെടുകയും കഥപറയാന്‍ വഴിയില്ലാതെ വഴിമുട്ടി പോകുകയും ചെയ്ത ചിത്രമാണിത്. ആസിഫ് അലിയും ഭാവനയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഹണീബീ കണ്ടിട്ടുള്ള ആര്‍ക്കും തന്നെ ഇഷ്ടപ്പെട്ടില്ല.

ഹണീബീ 2.5

ആസിഫ് അലിയുടെ അനിയന്‍ അസ്‌ക്കര്‍ അലി നായകനായി ഇറങ്ങിയ ചിത്രമാണ് ഹണീബീ 2.5. ഹണിബീയുടെയും ഹണിബീ 2വിന്റെയും തുടര്‍ച്ചയെന്നോണം ഇറങ്ങിയ ചിത്രമായിരുന്നു ഇത്. ഹണി ബീ 2 വിലെ ഷൂട്ടിംഗ് വിശേഷങ്ങളും മറ്റും ഉള്‍പ്പെടുത്തിയുള്ള ചിത്രമായിരുന്നു ഇത്.

പുള്ളിക്കാരന്‍ സ്റ്റാറാ

മലയാളത്തിന്റെ അഭിനയ കുലപതി മമ്മൂട്ടിയുടെ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ആരാധകരുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും മമ്മൂട്ടിയുടെയും ചില സിനിമകള്‍ പരാജയപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ഈ ചിത്രം. ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്‌കൂള്‍ ടീച്ചര്‍മാരെ ട്രെയിന്‍ ചെയ്യിക്കുന്ന രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ചങ്ക്‌സ്

ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്‌സ്. അശ്ലീലമെന്ന് പലരും ഈ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. ഹാപ്പി വെഡ്ഡിംഗ് പോലെ തരങ്കമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി സിനിമ മടങ്ങി. ബാലു വര്‍ഗീസ്, ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിശാഖ് നായര്‍, ഗണപതി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വലിയ നിരാശയായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയത്.

പുത്തന്‍പണം

രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു ചിത്രം പുറത്തിറങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ വലിയ പ്രതീക്ഷയിലായിരുന്നു മമ്മൂട്ടി ആരാധകര്‍. ഒരു നല്ല സിനിമ കാണാമല്ലോ എന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക്. എന്നാല്‍, സിനിമ ഇറങ്ങിയപ്പോള്‍ തന്നെ അതേക്കുറിച്ച് നെഗറ്റീവ് കമന്റ്‌സ് പ്രത്യക്ഷപ്പെട്ട് തുടങ്ങി. മമ്മൂട്ടിയുടെ കാസര്‍ഗോഡ് സ്ലാംങിന്റെ സൗന്ദര്യം മാത്രമായിരുന്നു ഈ സിനിമയില്‍ പിടിച്ചിരുത്തിയ ഘടകം.

ടിയാന്‍

ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളിഗോപി തുടങ്ങിയ വമ്പന്‍ താരനിര. പക്ഷെ, സിനിമ കണ്ട ആളുകള്‍ക്ക് ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായമായിരുന്നു. ടിയാനില്‍ നല്ലതെന്ന് പറയാവുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. പക്ഷെ, സിനിമ നിരാശപ്പെടുത്തി എന്നതിന് സംശയമില്ല.

ടീം ഫൈവ്

ഏറെ ഹൈപ്പുണ്ടാക്കിയില്ലെങ്കിലും ശ്രീശാന്ത് ആദ്യമായി നായകനായി എത്തിയ സിനിമയെക്കുറിച്ച് ചെറിയ പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍, സിനിമ സമ്പൂര്‍ണ പരാജയമായിരുന്നു. ഈ സിനിമയിലെ പാട്ട് സീന്‍ കണ്ടപ്പോള്‍ തന്നെ സിനിമ കാണാന്‍ പോകണോ എന്ന് ആളുകള്‍ക്ക് സംശയം തോന്നിയിരുന്നു. തിയേറ്റര്‍ കളക്ഷനില്‍ ഈ ചിത്രം ദയനീയ പരാജയമായിരുന്നു.

ബിയോണ്ട് ബോര്‍ഡേഴ്‌സ് 1971

മോഹന്‍ലാല്‍ മേജര്‍ രവി ടീമിന്റെ ചിത്രമാണിത്. ഈ കൂട്ടുകെട്ടില്‍ ഒരുപിടി നല്ല സിനിമകള്‍ ഉണ്ടെങ്കിലും ഈ ചിത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായമായിരുന്നു ഉയര്‍ന്നു കേട്ടത്. 1971ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു കഥ ഒരുക്കിയത്. സിനിമയുടെ ലൊക്കേഷനുകളെ കുറിച്ച് പോലും ആളുകള്‍ക്ക് നല്ലത് പറയാനില്ലായിരുന്നു.

വെളിപാടിന്റെ പുസ്തകം

മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രത്തെക്കുറിച്ച് ആളുകള്‍ പറഞ്ഞത് വെളിവില്ലാത്ത വെളിപാടിന്റെ പുസ്തകം എന്നാണ്. പറയാനായി ഒന്നുമില്ലാത്ത കഥയും ദുര്‍ബലമായ തിരക്കഥയും സിനിമയെ പ്രതികൂലമായി ബാധിച്ചു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ജിമിക്കി കമ്മല്‍ വൈറല്‍ ഹിറ്റായിരുന്നു.

അച്ചായന്‍സ്

Read more

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രം. ജയറാം, ഉണ്ണി മുകുന്ദന്‍ തുടങ്ങി വലിയ താരനിരയുണ്ടായിട്ടും തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല. കണ്ടുശീലിച്ച കഥകളും ട്വിസ്റ്റുകളുമാണ് സിനിമയെ കൊന്നത്.