രൺബീർ കപൂർ ചിത്രത്തിന്റെ സെറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രൺബീർ കപൂർ നായകനാവുന്ന ലവ് രഞ്ജൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മനീഷ് ദേവാഷി (32)യെ അടുത്തുള്ള കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകുന്നേരം മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് അപകടമുണ്ടായത്. പത്ത് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
സംഭവത്തേത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ് മര ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന താൽക്കാലിക പന്തലിൽ തീ പടർന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രാജശ്രീ പ്രൊഡക്ഷൻസിന്റെ സെറ്റും സംവിധായകൻ ലവ് രഞ്ജന്റെ പുതിയ സിനിമയുടെ സെറ്റുമാണ് തീപിടുത്തത്തിൽ കത്തിനശിച്ചതെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി അശോക് ദുബെ പറഞ്ഞു.
&
;
രൺബീർ കപൂറും, ശ്രദ്ധാ കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ. ബോണി കപൂറും ഡിംപിൾ കപാഡിയയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഒന്നര വർഷം മുമ്പ് ബാംഗൂർ നഗറിലെ ഒരു ഫിലിം സെറ്റിലും സമാനമായ രീതിയിൽ തീപിടുത്തമുണ്ടായിരുന്നു. അന്ന് സെറ്റൊരുക്കിയ അതേ വ്യക്തി തന്നെയാണ് ഈ സെറ്റുകൾ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.