ഇപ്പോൾ സിനിമകളുടെ കളക്ഷൻ സ്റ്റാറ്റസ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം കളക്ഷൻ നേടുന്ന സിനിമ എന്നത് അടുത്ത സിനിമ ചെയ്യാനുള്ള യോഗ്യതയായി പോലും ഇന്ന് കണക്കാക്കുന്നുണ്ട്. സിനിമ വലിയ രീതിയിൽ ആഘോഷിക്കപ്പെടാനോ ചർച്ച ചെയ്യാനോ ഇല്ലെങ്കിൽ പോലും കളക്ഷൻ നേടുക എന്നത് സിനിമയുടെ വിജയമായി ഇന്ന് കണക്കാക്കുന്നു.
ഇന്ത്യൻ സിനിമയിൽ ആദ്യ ദിവസം തന്നെ 100 കോടി കളക്ഷൻ നേടിയത് ചുരുക്കം ചില സിനിമകളാണ്. അതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എസ് രാജമൗലിയും പ്രശാന്ത് നീലുമാണ്. ‘ബാഹുബലി 2’, ‘ആർആർആർ’ എന്നീ സിനിമകളാണ് രാജമൗലിയുടേതായി ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങൾ.
പ്രശാന്ത് നീലിനുമുണ്ട് ആദ്യ ദിനം 100 കോടി ക്ലബ്ബിൽ കയറിയ രണ്ട് ചിത്രങ്ങൾ. ‘കെ. ജി. എഫ് 2’, ‘സലാർ’ എന്നിവയാണ് ആ ചിത്രങ്ങൾ. തമിഴ് സംവിധായകരായ ലോകേഷ് കനകരാജിനും അറ്റ്ലീക്കും ഓരോ ചിത്രങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. ലോകേഷിന്റെ വിജയ് ചിത്രം ലിയോ ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറിയപ്പോൾ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമായ ‘ജവാൻ’ ആണ് ആദ്യ ദിനം 100 കോടി ക്ലബ്ബിൽ കയറിയത്.
സുജീത്തിന്റെ ‘സാഹോ’, സന്ദീപ് റെഡ്ഡി വങ്കയുടെ രൺബിർ കപൂർ ചിത്രം ‘അനിമൽ’, ഓം റൌത്തിന്റെ ‘ആദിപുരുഷ്’ സിദ് ആനന്ദിന്റെ ‘പഠാൻ’ എന്നീ ചിത്രങ്ങളാണ് ആദ്യ ദിനം 100 കോടി കളക്ഷൻ നേടിയ മറ്റ് സിനിമകൾ. ഇതിൽ സന്ദീപ് റെഡി വങ്കയുടെ അനിമലും പ്രശാന്ത് നീലിന്റെ സലാറും ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങളാണ്.