ജയസൂര്യയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിലെ പൂരപ്പറമ്പില്‍ വെച്ചാണ് വിജയ് ബാബു പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടത്തിയത്. “തൃശൂര്‍ പൂരം” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള “ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാവും “തൃശൂര്‍ പൂരം”. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍.
“തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ലോഞ്ചിന് ഏറ്റവും മികച്ച ഇടം പൂരനഗരിയാണെന്ന വിശ്വാസത്തിലാണ് ഇതു പോലൊരു സര്‍പ്രൈസ് ലോഞ്ച്” എന്ന് വിജയ് ബാബു പറഞ്ഞത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വിജയ് ബാബുവിനൊപ്പം രതീഷ് വേഗ, നടനായ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ടൈറ്റില്‍ ലോഞ്ചിന് പൂര നഗരിയില്‍ സന്നിഹിതരായിരുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ “ജൂണ്‍” ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ അവസാനചിത്രം.