മുതിര്‍ന്ന കന്നഡ നടനായ കൃഷ്ണ ജി. റാവു (70) അന്തരിച്ചു. ബുധനാഴ്ച ബംഗളൂരില്‍ വച്ച് വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. യഷ് നായകനായെത്തി സൂപ്പര്‍ഹിറ്റായ കെജിഎഫ് ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായിത്തീര്‍ന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.
2018ല്‍ കെജിഎഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്ത ശേഷം മുപ്പതില്‍ അധികം സിനിമകളില്‍ നടന്‍ അഭിനയിച്ചു. കെജിഎഫ് 2ല്‍ കൃഷ്ണ പറയുന്ന ”ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കട്ടെ, അവന്റെ വഴിയില്‍ നില്‍ക്കാന്‍ പോകരുത് സര്‍”, എന്ന ഡയലോഗ് ജനപ്രിയമായി.
കന്നഡ സിനിമയില്‍ പതിറ്റാണ്ടുകളായി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കൃഷ്ണ.കെജിഎഫ് ഓഡിഷനില്‍ കൃഷ്ണ ജി. റാവുവിന്റെ ഡയലോഗ് ഡെലിവറിയാണ് നിര്‍മാതാക്കളെ ആകര്‍ഷിച്ചത് തുടര്‍ന്ന് അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയ്‌ക്കൊപ്പം കൃഷ്ണയുടെ കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി.
നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അതിലെ നായക നടന്റെ വിയോഗം.