തെലുങ്ക് ഇൻഡസ്ട്രിക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് രാം ചരൺ നായകനായി എത്തിയ ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഗെയിം ‘ഓവർ’ ആയി എന്നു വേണമെങ്കിൽ പറയാം… റിലീസ് ദിനത്തിൽ തന്നെ വളരെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്.
കഥയും കഥാ സന്ദർഭങ്ങളും വളരെ പഴഞ്ചനാണ് എന്നും ഒരു ക്ലീഷേ കഥയാണ് ചിത്രത്തിന്റേത് എന്നുമൊക്കെയാണ് സിനിമ കണ്ട ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സിനിമയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം.
അതിനിടെ ‘ഗെയിം ചേഞ്ചർ’ 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷൻ നേടി എന്ന അണിയറപ്രവർത്തകരുടെ വാദം പൊളിഞ്ഞതും സിനിമയ്ക്ക് തിരിച്ചടിയായി. ഫിലിം ട്രേഡ് അനലിസ്റ്റുകളാണ് ഈ വാദം പൊളിഞ്ഞത്. 186 കോടി നേടിയെന്ന വ്യാജ കണക്ക് അണിയറപ്രവർത്തകർ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ 86 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷൻ നേടിയത്.
കോടികളുടെ തള്ളുകൾ സിനിമാ ഇൻഡസ്ട്രിക്ക് തന്നെ വിനയായി തീരും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ പോസിറ്റിവ് റിപ്പോർട്ടുകൾക്ക് വേണ്ടി കളക്ഷൻ ഉയർത്തി കാണിച്ചു എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഉയർന്ന പ്രധാന വിമർശനം. പുഷ്പ 2വിനൊപ്പം എത്താനുള്ള അണിയറപ്രവർത്തകരുടെ വാശിയാണ് ഈ കള്ളക്കണക്കുകൾക്ക് കാരണമെന്നാണ് വിമർശകർ പറയുന്നത്. ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ അപമാനം എന്ന നിലയിലാണ് സോഷ്യൽ മീഡിയയിലടക്കം അഭിപ്രായങ്ങൾ വരുന്നത്. എന്നാൽ, തമിഴിലും മലയാളത്തിലും സിനിമയ്ക്ക് മോശം പ്രതികരണമാണെങ്കിലും തെലുങ്കിൽ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതായും ചില റിപ്പോർട്ടുകളുണ്ട്.
രാം ചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായികയായെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഗെയിം ചേഞ്ചർ.
അതേസമയം, തൊട്ടതെല്ലാം ഹിറ്റാക്കിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കറിന് എന്ത് പറ്റിയെന്നാണ് സിനിമാപ്രേമികളുടെ ചോദ്യം. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകന്റെ മുൻകാല ചിത്രങ്ങളെപ്പോലെ തന്നെ വലിയ ബജറ്റിലാണ് ഗെയിം ചേഞ്ചറും എത്തിയിരുന്നത്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. രാം ചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന സിനിമയിലെ അഞ്ച് ഗാനങ്ങൾ ഷൂട്ട് ചെയ്യാൻ വേണ്ടി മാത്രം ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ, ജീൻസ്, അന്യൻ, ഐ, എന്തിരൻ തുടങ്ങി നിരവധി കിടിലൻ സിനിമകൾ സമ്മാനിച്ച ശങ്കറിന്റെ 2018ൽ പുറത്തിറങ്ങിയ 2.0 സിനിമ മുതലാണ് ഫ്ലോപ്പ് ആകാൻ തുടങ്ങിയത്. 2.0 പുറത്തിറങ്ങി, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ഇന്ത്യൻ 2 ഉം വിചാരിച്ച അത്ര വിജയം കണ്ടില്ല. വൻ ഹൈപ്പോടെ തിയേറ്ററുകളിൽ എത്തി, ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ചിത്രം ബോക്‌സ് ഓഫീസിൽ വൻ പരാജയമായി മാറുകയും ചെയ്തു.
Read more
എന്നാൽ ഇത്രയധികം മോശം പ്രതികരണങ്ങൾ ലഭിച്ചിട്ടും അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ‘ഇന്ത്യൻ 3’ ഉറപ്പായും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നാണ് ശങ്കർ പറഞ്ഞത്. തുടർച്ചയായി ഹിറ്റ് സിനിമകളുടെ സംവിധായന്റെ സിനിമകൾ പരാജയമാകുമ്പോൾ ഇനി വരാനിരിക്കുന്ന സിനിമയും ഫ്ലോപ്പ് ആകുമോ അല്ലെങ്കിൽ മുൻ സിനിമകളിലേത് പോലെ സൂപ്പർ ഹിറ്റ് ആകുമോ എന്നാണ് പലരുടെയും സംശയം.