ഗൗതം മേനോൻ സംവിധാനം ചെയ്ത് വിക്രം നായകനായെത്തുന്ന ധ്രുവനച്ചത്തിരം ഇന്നലെയായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ടിയിരുന്നത്. 2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇടയ്ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്ഡേഷനുകളും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ പുറത്തു വന്നത്.
ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും വാങ്ങിയ 8 കോടി രൂപ സെറ്റിൽ ചെയ്താൽ മാത്രമേ ചിത്രം റിലീസ് ചെയ്യാനാകൂ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവർക്ക് തിരിച്ചു നൽകണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ പണം കണ്ടെത്താൻ ഗൗതം മേനോന് സാധിക്കാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്. ധ്രുവനച്ചത്തിരം സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ഗൗതം മേനോൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് എന്ന് മുൻപ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.
“ഒരു സമയമെത്തിയപ്പോൾ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി . ആ സമയം സിനിമകളിൽ അഭിനയിക്കാൻ ചിലരിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി. ഞാൻ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാം എന്നതിനാലാണ് ഞാൻ സിനിമകളിൽ അഭിനയിച്ചത്.” എന്നായിരുന്നു ഗൗതം മേനോന്റെ വാക്കുകൾ.