ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ സൂപ്പര്‍ താരം യാഷ് നായകനാകുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രത്യേക ടീസര്‍ എത്തിയിരിക്കുന്നത്. പാരായിസ്സോ എന്ന ഒരു ക്ലബിന് മുന്നില്‍ ഒരു ഗാങ്സ്റ്റര്‍ വൈബില്‍ വിന്റേജ് കാറില്‍ വന്നിറങ്ങുന്ന യഷിന്റെ മാസ് ഫീല്‍ തരുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.

വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്‌റ്റൈലിഷ് യാഷിനെ ടീസറില്‍ കാണാം. നടന്‍ സുദേവ് നായരും ഒപ്പമുണ്ട്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ് ലൈന്‍. ‘കെജിഎഫി’ന്റെ ഹാങ് ഓവറിലിരിക്കുന്ന ആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്നതാണ് വീഡിയോ.

വലിയ ബജറ്റില്‍ വിദേശ താരങ്ങളടക്കം ഉള്‍പ്പെടുന്ന വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്സിക്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം യാഷും വെങ്കട് കെ നാരായണയും ചേര്‍ന്നാണ്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

അതേസമയം ചിത്രത്തില്‍ യാഷിന്റെ സഹോദരിയായി കരീന കപൂര്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം കരീന ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും കരീനയ്ക്ക് പകരം നയന്‍താര ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.