ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം “ഉള്‍ട്ട”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് നായികമാര്‍. കാര്യങ്ങള്‍ തലതിരിഞ്ഞ് നടക്കുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഉള്‍ട്ട”. സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു മറിമായം, തെസ്‌നി ഖാന്‍, ആര്യ, സുരഭി തുടങ്ങി വന്‍താരനിര അണിനിരക്കുന്നു.
പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദറിനോടൊപ്പം സുദര്‍ശന്‍ എന്ന പുതുമുഖ സംഗീത സംവിധായകനും ചേര്‍ന്നാണ് “ഉള്‍ട്ട”യ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. “സായാഹ്ന വാര്‍ത്തകള്‍” ആണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ഗോകുല്‍ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.