‘വിടാമുയര്‍ച്ചി’ക്ക് പിന്നാലെ അജിത്തും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ആണ്. രമ്യ എന്ന കഥാപാത്രമായാണ് തൃഷ ചിത്രത്തില്‍ വേഷമിടുന്നത്. തൃഷയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാരിക്കുന്നത്. ടീസറിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ആണ് വിവാദമായിരിക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ അനിരുദ്ധ് ഒരുക്കിയ അതേ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ തന്നെയാണ് ജി.വി പ്രകാശ് കുമാര്‍ ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. തൃഷയുടെ ക്യാരക്ടര്‍ ടീസറും ജയിലറിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ഒന്നിച്ച് ചേര്‍ത്ത വീഡിയോ പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരിക്കുന്നത്.
Copy adikkalam adhukunu apdiyeva @gvprakash ? 😵💫pic.twitter.com/mtGLgGY2LE
— 🥶. (@KuskithalaV6) February 22, 2025
‘കോപ്പിയടിക്കാം പക്ഷെ അത് തന്നെ എടുത്ത് വയ്ക്കണോ’ എന്നാണ് എക്‌സില്‍ ഒരാള്‍ ചോദിക്കുന്നത്. ജി.വി പ്രകാശ് കുമാറിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഏപ്രില്‍ 10ന് ആണ് ചിത്രത്തിന്റെ റിലീസ്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യന്‍ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഗുഡ് ബാഡ് അഗ്ലിയില്‍ സിമ്രാന്‍ ഒരു കാമിയോ വേഷത്തിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം സിമ്രാനും അജിത്തും ഒരു സിനിമയില്‍ വീണ്ടും ഒന്നിക്കുന്നത്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.