ഗോപി സുന്ദറിന് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നോമിനേഷന്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് നോമിനേഷന്‍. ഏറ്റവും അധികം പാട്ടുകള്‍ക്ക് സംഗീത സംവിധാനം നല്‍കിയതിനാണ് ഗോപി സുന്ദറിന് നോമിനേഷന്‍. പുരസ്‌ക്കാരം ലഭിക്കുമോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതരാണ്.

“എനിക്ക് നോമിനേഷന്‍ പോയിട്ടുണ്ട്. മറ്റാരും ഇത്രയും ചെയ്തില്ലെങ്കില്‍ തനിക്ക് കിട്ടുമായിരിക്കും. താന്‍ അതിനായി നോക്കുന്നില്ല. പക്ഷെ കിട്ടിയാല്‍ സന്തോഷം അത്രെയെയുള്ളു” – കപ്പാ ടിവിയുടെ ദ് ഹാപ്പിനസ് പ്രോജക്ടില്‍ പങ്കെടുത്ത് കൊണ്ട് ഗോപി സുന്ദര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തില്‍ 23 സിനിമകളാണ് ഗോപി സുന്ദര്‍ ചെയ്തത്. ശരാശരി ഒരു വര്‍ഷം 20+ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ എടുക്കുന്ന പ്രോജക്ടുകളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും തനിക്ക് സെലക്ടീവ് ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

ഒരു പാട്ട് കംപോസ് ചെയ്യുന്നതിനായി ഗോപി സുന്ദര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് വിവരം. കോപ്പിയടി എന്ന ആരോപണം പലപ്പോഴായി ഉയര്‍ന്നു കേള്‍ക്കാറുണ്ടെങ്കിലും ഗോപി സുന്ദറിന്റെ പാട്ടുകള്‍ എപ്പോഴും ഹിറ്റായിരിക്കും. ഏറ്റവും ഒടുവിലായി വിമാനത്തിന്റെ പാട്ടുകള്‍ക്കാണ് ഗോപി ഈണം നല്‍കിയത്. നിലവില്‍ 13 പ്രോജക്ടുകള്‍ക്ക് വേണ്ടിയാണ് ഗോപി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.