നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ ഇരുവരും ഒരു സിനിമ സ്‌റ്റൈല്‍ വിവാഹ ചടങ്ങുകളാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുക എന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോം അവകാശം സ്വന്തമാക്കിയതെന്നും വാര്‍ത്തയിലുണ്ട്.
ജൂണ്‍ 9നാണ് ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നുവെങ്കിലും വിവാഹം ഉടനെയില്ലന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത’കാതുവാക്കുള്ള രണ്ട് കാതല്‍’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരൊന്നിച്ചെത്തിയ ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.