മമ്മൂട്ടിയെ നായകനാക്കി കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നിസ് ഒരുക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു എന്നാണ് സൂചന.
തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം മേനോനും സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ലൗഫുള്ളി യുവേഴ്‌സ് വേദ’ എന്ന സിനിമ ഉള്‍പ്പടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ഇതാദ്യമായാണ് ഒന്നിക്കുന്നത്. സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും അദ്ദേഹം അവതരിപ്പിക്കുക.
ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ പ്രധാന വേഷത്തിലെത്തും. മിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ‘റോഷാക്കി’ന് ക്യാമറ ചലിച്ചിപ്പിച്ചതും നിമിഷ് ആണ്.അതേസമയം മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ പൂര്‍ത്തിയായി.
ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ വയനാട്ടിലായിരുന്നു. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.