രാജ്യമൊട്ടാകെ നാലായിരത്തോളം സ്ക്രീനുകളിലായി 99 രൂപയ്ക്ക് സിനിമ കാണാൻ അവസരം ഒരുങ്ങുന്നു. ദേശീയ സിനിമാദിനമായ ഒക്ടോബർ 13 നാണ് ഈ ഓഫർ തുകയ്ക്ക് സിനിമ കാണാൻ സാധിക്കുക. ബുക്ക്മെെഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായി തുടങ്ങി.
ഒക്ടോബർ 13ന് ഏത് സമയത്താണെങ്കിലും ഓഫർ ലഭിക്കും. ബുക്കിങ് അപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജും ഈടാക്കും. എന്നാൽ തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.
മൾട്ടിപ്ലക്സ് അസ്സോസിയേഷന് കീഴിലുള്ള പി. വി. ആർ ഐനോക്സ്, സിനി പൊളിസ്, മിറാഷ് സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം. വേവ്, എം2 കെ, ഡിലൈറ്റ്, തുടങ്ങീ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് 99 രൂപയുടെ ഓഫർ ലഭ്യമാവുന്നത്.
സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഈ വർഷം അതിലും കൂടുതൽ വിറ്റുവരവ് പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ഒക്ടോബർ 13 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.