'ഗുരുവായൂരമ്പല നടയില്‍' തിയേറ്ററിലുണ്ടോ? കളക്ഷന്‍ റിപ്പോര്‍ട്ട് എത്തി, ഇനി ഒ.ടി.ടിയില്‍ കാണാം

പൃഥ്വിരാജ്-ബേസില്‍ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ ഇനി ഒ.ടി.ടിയിലേക്ക്. മെയ് 16ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ 85 കോടി നേടിയ ചിത്രത്തിന്റെ ചുരുങ്ങിയ ഷോകള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളു. അതിനാല്‍ ജൂലൈ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രണ്ടു അളിയന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.

ബേസിലിനൊപ്പം പൃഥിരാജ് കൂടി എത്തിയപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ചിരിവിരുന്ന് ആയിരുന്നു. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിച്ച ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍.

നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം നീരജ് രവി,എഡിറ്റര്‍ ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

Read more