നിന്നെ എനിക്ക് വേണം, എന്തു വന്നാലും ഇത് ഞാന്‍ നടത്തും..; ചിരിപ്പിച്ച് 'ഗുരുവായൂരമ്പല നടയില്‍' ട്രെയ്‌ലര്‍

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാനകഥാപാത്രങ്ങളാകുന്ന ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂര്‍ത്തങ്ങളും അപ്രതീക്ഷിത സംഭവഭങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്.

‘ജയ ജയ ജയ ജയ ഹേ’യ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ‘കുഞ്ഞിരാമായണ’ത്തിന് ശേഷം ദീപു പ്രദീപ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തില്‍ അജുവര്‍ഗീസ് ആലപിച്ച കെ കൃഷ്ണ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അജു ആദ്യമായി പിന്നണി ഗായകനാകുന്ന ചിത്രം കൂടിയാണിത്. അങ്കിത് മേനോനാണ് സംഗീതസംവിധാനം. മിലന്‍ ജോയ്, അരവിന്ദ് നായര്‍, അമല്‍ സി അജിത്, ഉണ്ണി ഇളയരാജ എന്നിവരാണ് കോറസ് ഗായകര്‍.

അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, ഇര്‍ഷാദ്, ജഗദീഷ്, പി.പി കുഞ്ഞികൃഷ്ണന്‍, സിജു സണ്ണി, രേഖ, മനോജ് കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മേയ് 16ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

Read more