ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്. പൃഥ്വിരാജും ബേസില്‍ ജോസഫും നായകനായ ചിത്രം പ്രേക്ഷകര്‍ ഓപ്പണിംഗ് ദിനത്തില്‍ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ ദിനം മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്.

ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.75 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത്. പലയിടങ്ങളിലും ചിത്രം ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഹൈ ക്ലാസ് പ്രകടനവും ബേസിലിന്റെ മികച്ച അഭിനയത്തെയും പുകഴ്ത്തിയാണ് പലരും എത്തുന്നത്.

900 തിയേറ്ററുകളിലാണ് ഗുരുവായൂര്‍ അമ്പലനടയില്‍ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപ് ആണ്. നീരജ് രവിയാണ് ഛായാഗ്രഹണം.

Read more