29ാം ജന്‍മദിനം ആഘോഷിക്കുന്ന തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മോട്വാനിയുടെ “മഹ” ചിത്രത്തിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രക്തം പുരണ്ട കൈകളാല്‍ മുഖം മറയ്ക്കുന്നതായാണ് പോസ്റ്റര്‍. ചിത്രത്തിന്റെതായി വിവിധ പോസ്റ്ററുകള്‍ നേരത്തെയും റിലീസ് ചെയ്തിരുന്നു.
സന്യാസി വേഷത്തില്‍ പുക വലിക്കുന്നതായും രക്തം നിറഞ്ഞ ബാത്ത്ടബ്ബില്‍ തോക്കുമായി ഇരിക്കുന്ന പോസ്റ്ററുകളാണ് നേരത്തെ എത്തിയത്. ഇത് വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. യു. ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രികാന്ത്, ചിമ്പു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
കോവിഡ് പ്രതിസന്ധികള്‍ക്കിടെ ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാലതാരമായാണ് ഹന്‍സിക സിനിമയിലെത്തുന്നത്. ഹൃത്വിക് റോഷന്റെ കോയി മില്‍ ഗയ എന്ന ഹിന്ദി സിനിമകളില്‍ അടക്കം ബാലതാരമായി എത്തി. ദേസമുദുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹന്‍സിക നായികയായി അരങ്ങേറ്റം കുറിച്ചത്.
എങ്കെയും കാതല്‍, വേലായുധം, മാപ്പിള്ളൈ, സിങ്കം 2, ബിരിയാണി, അരണ്‍മനൈ, റോമിയോ ജൂലിയറ്റ്, പലി, അംബാല തുടങ്ങി നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഹന്‍സിക വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ വില്ലന്‍ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.