പതിവ് തെറ്റിക്കാതെ ഒമര്‍ ലുലു; 'ധമാക്ക'യിലെ കളര്‍ഫുള്‍ ഗാനം എത്തി

ഒരു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി. “ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി…” എന്ന കളര്‍ഫുള്‍ ഗാനമാണ് റിലീസ് ചെയ്തത്. നൃത്ത ചുവടുകളുമായി യുവതാരങ്ങള്‍ക്കൊപ്പം ഇന്നസെന്റും മുകേഷും ഉര്‍വശിയും ഗാന രംഗത്തില്‍ എത്തുന്നുണ്ട്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഗോപി സുന്ദറാണ്. അശ്വിന്‍ വിജയന്‍, അഫ്‌സല്‍, സച്ചിന്‍ രാജ്, സിത്താര, ശ്വേത എന്നിവര്‍ ചേര്‍ന്നാണ് ഈ ആഘോഷ ഗാനം ആലപിച്ചിരിക്കുന്നത്.

തന്റെ എല്ലാ സിനിമകളിലും ഒരു കളര്‍ഫുള്‍ ഗാനം സമ്മാനിക്കുന്ന ഒമര്‍ ലുലു ധമാക്കയിലും പതിവ് തെറ്റിച്ചിട്ടില്ല. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Read more

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം നവംബര്‍ 15 ന് തിയേറ്ററുകളിലെത്തും.