നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്തകള്‍ നിരസിച്ച് അമ്മ രഞ്ജിത. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത പറഞ്ഞു. ദിവ്യയുടെ കാമുകനായ പോര്‍ച്ചുഗീസ് പൗരന്‍ റാഫേലുമായുള്ള വിവാഹം ദുബായില്‍ വെച്ച് നടന്നുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
“ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വെയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. രമ്യയും റാഫേലുമായുള്ള ബന്ധം അവസാനിച്ചു. ഇരുവരും അവരവരുടേതായ തൊഴിലില്‍ തിരക്കായതോടെയാണ് ബന്ധത്തില്‍ അകല്‍ച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്” രഞ്ജിത പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി റാഫേലും ദിവ്യയും പ്രണയത്തിലായിരുന്നു. അഭിനയം അവസാനിപ്പിച്ച ദിവ്യ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. 2013- ല്‍ കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ദിവ്യ പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.