മോദിയുടെ ജീവചരിത്ര സിനിമയായ “പി.എം. നരേന്ദ്രമോദി”യ്ക്കു വേണ്ടി ഗാനമെഴുതി എന്നത് നിഷേധിച്ച് ഒരു ഗാന രചയിതാവു കൂടി രംഗത്ത്. ഹിന്ദിയിലെ പ്രശസ്ത ഗാനരചയിതാവായ സമീര്‍ അന്‍ജാനാണ് തനിക്കും ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.
“”പേര് ചിത്രത്തിന്റെ ക്രഡിറ്റ് ടൈറ്റിലില്‍ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പാട്ടു പോലും ഞാനീ ചിത്രത്തിനു വേണ്ടി എഴുതിയിട്ടില്ല.”” സമീര്‍ ട്വീറ്റ് ചെയ്തു. ചിത്രത്തിലെ പാട്ടെഴുത്തുകാരുടെ ലിസ്റ്റിലെ പേരു നിഷേധിക്കുന്ന രണ്ടാമത്തെ കവിയാണ് സമീര്‍. കഴിഞ്ഞ ദിവസം മറ്റൊരു പ്രശസ്ത ഗാനമെഴുത്തുകാരനായ ജാവേദ് അക്തര്‍ മോദി ചിത്രത്തിനു വേണ്ടി താനൊരു വരി പോലും എഴുതിയിട്ടില്ലെന്നു പറഞ്ഞത് വലിയ വാര്‍ത്തയ്ക്കും ചര്‍ച്ചയ്ക്കും ഇടയാക്കിയിരുന്നു.
ജാവേദ് അക്തറിന്റെ നിഷേധക്കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ കിട്ടിയിരുന്നു. ഒറ്റ ദിവസത്തില്‍ തന്നെ ഇരുപതിനായിരത്തിലേറെപ്പേരുടെ ലൈക്കും ഏഴായിരത്തിനു മേല്‍ റീട്വീറ്റുമുണ്ടായി. എന്നാല്‍ ജാവേദിന്റെയും സമീറിന്റെയും നിഷേധ പ്രസ്താവനകള്‍ക്ക് ഇതുവരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന “പി.എം. നരേന്ദ്രമോദി”യുടെ ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ ജാവേദ് അക്തര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, സമീര്‍ അന്‍ജാന്‍, അഭേന്ദ്ര കുമാര്‍ ഉപാധ്യായ, സര്‍ദാര, പരി ഇ. രവ്‌ലാജ് എന്നിവരുടെ പേരുകളാണുള്ളത്.
ഒമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21ന് റിലീസാവാനിരിക്കെ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിശ്വാസ്യത ചോര്‍ന്നു പോകുന്നു വിധത്തിലുള്ള വെളിപ്പെടുത്തലുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇത് സിനിമയുടെ ശില്‍പ്പികളെയും മോദി അനുകൂലികളായ സിനിമാ പ്രേക്ഷകരേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.